നൈപുണ്യ കര്‍മ്മസേന സ്ഥിരം സംവിധാനമാക്കുന്നത് പരിഗണിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍ കുറുമാത്തൂര്‍ ഗവ. ഐ ടി ഐ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഐടിഐ വിദ്യാര്‍ഥികളും പരിശീലകരും ഉള്‍പ്പെടുന്ന നൈപുണ്യ കര്‍മ്മസേനയുടെ സേവനം വലുതാണെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. നൈപുണ്യ കര്‍മ്മസേന സ്ഥിരം സംവിധാനമാക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഐ ടി ഐ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കുറുമാത്തൂര്‍ ഗവ. ഐ ടി ഐയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പെക്ട്രം 2020 ജോബ് ഫെയറിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശന കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഐ ടി ഐ വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. സ്‌പെക്ട്രം ജോബ് ഫെയറിലൂടെ ഇതിനകം ഏഴായിരത്തിലധികം പേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ - സ്വകാര്യ ഐ ടി ഐകളില്‍ പഠിച്ച് എന്‍ ടി സി, എസ് ടി സി സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് തൊഴില്‍ മേളകളില്‍ പങ്കെടുക്കും. തൊഴില്‍ അന്വേഷകരും ദാതാക്കളും ഒരേ പ്ലാറ്റ്‌ഫോമില്‍ വരുന്ന സംവിധാനമാണിത്. ജനുവരി ആറ്, ഏഴ്, ഒമ്പത് തീയതികളിലായി ജില്ലയില്‍ ഒരു ഐ ടി ഐയില്‍ വീതമാണ് മേള നടക്കുന്നത്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും വിവിധ കമ്പനികളും മേളയില്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുവിദ്യാഭ്യാസ രംഗത്തെ വിസ്മയകരമായ മാറ്റങ്ങള്‍ക്കൊപ്പം സാങ്കേതിക പരിശീലന മേഖലയിലും വ്യാവസായിക പരിശീലനത്തിലും ഈ സര്‍ക്കാര്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കും തൊഴില്‍ കമ്പോളത്തിലെ മാറ്റങ്ങള്‍ക്കും അനുസൃതമായി നമ്മുടെ വിദ്യാര്‍ഥികളെ നൈപുണ്യശേഷിയുള്ള തൊഴില്‍ ശക്തിയായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ പരിശീലന പദ്ധതി മെച്ചപ്പെടുത്തുകയും പുതിയ ട്രേഡുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 17 പുതിയ ഐ ടി ഐകള്‍ ആരംഭിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ ടി ഐ കളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അന്തര്‍ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് സ്‌കില്‍സ് മത്സരങ്ങളുടെ ഭാഗമായി ഇന്ത്യ സ്‌കില്‍സ് കേരള 2020 ന് തുടക്കം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്. ജില്ലാതല മത്സരങ്ങള്‍ ജനുവരി 15 മുതല്‍ 20 വരെയും മേഖലാതല മത്സരങ്ങള്‍ 27 മുതല്‍ 31 വരെയും നടക്കും. ഫെബ്രുവരിയില്‍ കോഴിക്കോട്ടാണ് സംസ്ഥാനതല മത്സരം. നാല് ഇനങ്ങളിലാണ് മത്സരം നടക്കുക. അഖിലേന്ത്യാ സ്‌കില്‍സ് മത്സരങ്ങള്‍ കേരളത്തില്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരിയര്‍ പരിശീലനം നല്‍കുന്നതിനായി കരിയര്‍ നയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ക്യാമ്പസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണം. ഏതെങ്കിലും ഒരു വിദ്യാര്‍ഥി അബദ്ധത്തില്‍ ലഹരിയുടെ കെണിയില്‍ അകപ്പെട്ടാല്‍ ശിക്ഷിക്കുകയല്ല മറിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ അവരെ തിരുത്തുക എന്നതാണ് നിലപാട്. കുറുമാത്തൂര്‍ ഐടിഐയുടെ തുടര്‍ന്നുള്ള വികസനത്തിനും പുതിയ ട്രേഡ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹോസ്റ്റല്‍, യാത്രാ സൗകര്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
പത്ത് വര്‍ഷമായി താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കുറുമാത്തൂര്‍ ഗവ. ഐടിഐക്ക് കൂനത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. നാല് കോടി രൂപ ചെലവില്‍ ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ്, സന്ദര്‍ശക മുറി എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയാണ് ഐടിഐ സജ്ജമാക്കിയത്. ഇതിന് പുറമെ 45 ലക്ഷം രൂപ ചെലവിട്ട് ചുറ്റുമതില്‍, കിണര്‍, പമ്പ് ഹൗസ് എന്നിവയും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് മെക്കാനിക്, അഗ്രികള്‍ച്ചറല്‍ മെഷിനറി എന്നീ ദ്വിവത്സര കോഴ്‌സുകളിലാണ് നിലവില്‍ പരിശീലനം നല്‍കുന്നത്. എന്നാല്‍ അധികമായി മൂന്ന് ട്രേഡുകള്‍ കൂടി ആരംഭിക്കാന്‍ പര്യാപ്തമായ രീതിയിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡുകള്‍ കൂടി തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.
ചടങ്ങില്‍ ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യാതിഥിയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഐ വി നാരായണന്‍, മുന്‍ എംഎല്‍എ സി കെ പി പത്മനാഭന്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് പി കെ മാധവന്‍, പിഡബ്ല്യുഡി ബില്‍ഡിംഗ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ്, ഐടിഐ പ്രിന്‍സിപ്പല്‍ സി എസ് ഷാന്റി, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments