ഓണ്‍ലൈന്‍ ട്യൂഷന്‍, അദ്ധ്യാപകര്‍ ആശങ്കപ്പെടേണ്ടെ: ജില്ലാ കലക്ടര്‍
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കാനുള്ള പദ്ധതിയില്‍ അദ്ധ്യാപകര്‍ ആശങ്കപ്പെടേണ്ടെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. അദ്ധ്യാപകരുടെ ആശങ്കകള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ധ്യാപകര്‍ക്ക് പരമാവധി സൗകര്യപ്രദമായായിരിക്കും ക്ലാസുകള്‍ തയ്യാറാക്കുന്നത്. ഡിസംബര്‍ 31 ന് വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ജീവന്‍ ബാബു തിരുവന്തപുരത്തെ ഓഫീസില്‍ നിന്ന് ജില്ലയിലെ പതിനാറു കേന്ദ്രങ്ങളിലെ ഓണ്‍ലൈന്‍ ട്യൂഷന് തുടക്കം കുറിക്കും. ജി വി എച്ച് എസ് എസ് ദേവിയാര്‍ കോളനി, പത്താംമൈല്‍, ഗവ.എച്ച് എസ് എസ് ബൈസണ്‍വാലി, ഗവ.എച്ച് എസ് പാമ്പനാര്‍, ജി.എച്ച്എസ്എസ് വണ്ടിപ്പെരിയാര്‍, ജിഎച്ച്എസ് ചിന്നക്കനാല്‍, ജിഎച്ച്എസ് മറയൂര്‍, ജിഎച്ച്എസ് കോടിക്കുളം, എസ്എന്‍വിഎംഎച്ച്എസ്എസ് വണ്ണപ്പുറം, ജിവിഎച്ച്എസ്എസ് തട്ടക്കുഴ, ജിറ്റിഎച്ച്എസ്എസ് മുരിക്കാട്ടുകുടി, ജിഎച്ച്എസ് വളകോട്, ജിവിഎച്ച്എസ്എസ് നെടുങ്കണ്ടം, സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ് ചെമ്മണ്ണാര്‍, ജിവിഎച്ച്എസ്എസ് വാഴത്തോപ്പ്, സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് കരിങ്കുന്നം, ജിറ്റിഎച്ച്എസ്എസ് പൂമാല എന്നിവിടങ്ങളാണ് ആദ്യ ഘട്ട ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസ് റൂമുകള്‍. 8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്കാണ് ആദ്യ ഘട്ട റിവിഷന്‍ ക്ലാസുകള്‍ നല്‍കുക. പരീക്ഷയ്ക്ക് മുന്‍പ് 30 മണിക്കൂറായിരിക്കും റിവിഷന്‍ ക്ലാസ് ട്യൂഷന്‍ നല്‍കുകയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മിനി ടി.കെ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ ഷീല, സ്‌കൂള്‍ പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments