Skip to main content
ദേശീയ യുവജന ദിനാചരണം "മാമാങ്കം 2020" ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിക്കുന്നു.

രാഷ്ട്ര പുനർനിർമാണത്തിൽ യുവാക്കൾ സജീവമാകണം - ഡീൻ കുര്യാക്കോസ് എം.പി. 

 

 

 

ഭാരതത്തിലെ ജനസംഖ്യയുടെ മൂന്നിൽ ഒന്നോളം വരുന്ന യുവജന വിഭാഗം അവരുടെ കർമശേഷി രാഷ്ട്ര പുനർ നിർമാണത്തിനു വേണ്ടി വിനിയോഗിക്കണമെന്ന് ഇടുക്കി എം.പി.  അഡ്വ. ഡീൻ കുര്യാക്കോസ്. ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദേശീയ യുവജന വാരഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുക ആയിരുന്നു എം.പി. യുവജനങ്ങൾ ഒരു ചാലക ശക്തിയായി പ്രവർത്തിക്കണമെന്നും രാജ്യത്ത് ഇന്ന് നടമാടുന്ന വിഘടന വാദത്തിനും ജാതി മത ചിന്തകൾക്കും അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു യുവ സമൂഹം ആണ് നമുക്ക് വേണ്ടത്. ചടങ്ങിൽ തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർ കെ. ഹരിലാൽ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. മികച്ച സംഘടനക്കുള്ള 25000 രൂപയുടെ ക്യാഷ് അവാർഡും വിവിധ സംഘടനക്കുള്ള കായിക ഉപകരണങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. "ഫിലോസഫി ഓഫ് സ്വാമി വിവേകാനന്ദ" എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി അയ്യപ്പ ദാസ് പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു, എൻ. രവീന്ദ്രൻ, നിഖിൽ മുരളി എന്നിവർ സംസാരിച്ചു. തുടർന്ന് "മാമാങ്കം  2020" എന്ന പേരിൽ ജില്ലാതല കലാമേള സംഘടിപ്പിച്ചു. തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം ന്യൂമാൻ കോളേജ് തൊടുപുഴയും, രണ്ടാം സ്ഥാനം കോ- ഓപ്പറേറ്റീവ് കോളേജ് തൊടുപുഴയും, മൂന്നാം സ്ഥാനം മൂലമറ്റം സെന്റ്. ജോസഫ് അക്കാഡമിയും കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കററ്റും ട്രോഫിയും  ചടങ്ങിൽ വിതരണം ചെയ്തു.

 

date