Skip to main content

തദ്ദേശ സ്വയംഭരണം പദ്ധതി വിഹിതം വെട്ടിക്കുറക്കില്ല: മന്ത്രി എ സി മൊയ്തീൻ

സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും 2019- 2020 സാമ്പത്തിക വർഷത്തെ പദ്ധതിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടി കുറക്കില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. വികസന പ്രവർത്തനങ്ങളിലൂടെ തൊഴിൽ നൈപുണ്യമുള്ള ഭാവി തലമുറയെ തയ്യാറാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സാധാരണ ജനങ്ങളുടെ സേനങ്ങൾ എത്രയും പെട്ടെന്ന് നൽക്കുന്ന അടുത്ത സുഹൃത്തായിരിക്കും. ചാഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഒന്നാം നില ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയമോ പ്രകൃതി ദുരന്തമോ ഉണ്ടായാൽ പ്രത്യേക സഹായം കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കണം, എന്നാൽ പത്ത് പൈസ പോലും ലഭിച്ചിട്ടില്ല. എന്നിട്ടും സംസ്ഥാന സർക്കാറിന്റെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഗീതാ ഗോപി എം എൽ എയുടെ 2016-17 ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം അനുവദിച്ചാണ് ചാഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഒന്നാം നില കെട്ടിടത്തിന്റെ പണി പൂർത്തികരിച്ചത്.
ഗീതാ ഗോപി എം.എൽ.എ അധ്യക്ഷയായ പരിപാടിയിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ്, സെക്രട്ടറി എം.എഫ് ജോസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി ഷൺമുഖൻ തുടങ്ങിയവർ പങ്കെടുത്തു.

date