Skip to main content

ലൈഫ് പദ്ധതി ഇന്ത്യയ്ക്ക് മാതൃക: മന്ത്രി എ സി മൊയ്തീൻ

ലൈഫ് പദ്ധതി ഇന്ത്യയ്ക്ക് മാതൃകയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. എറിയാട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം അഴീക്കോട് പുത്തൻപള്ളി ഫോർ സീസൺ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 96 ശതമാനം വീടുകളും രണ്ടാം ഘട്ടത്തിൽ 70,000 വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്. കേരളത്തെ ഭവനരഹിത സംസ്ഥാനമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പാർപ്പിടം എന്നതിലുപരി ജീവനോപാധികൾ ഒരുക്കി സാമ്പത്തിക നേട്ടം കൈവരിക്കാൻ സാഹചര്യമൊരുക്കുക കൂടിയാണ് ലൈഫ് പദ്ധതി ലക്ഷ്യമിടുന്നത്. പണമില്ലാത്തതിന്റെ പേരിൽ ഒരു പദ്ധതിയും സർക്കാർ മാറ്റിവെയ്ക്കില്ല. അതിന് ഉത്തമോദാഹരണമാണ് ലൈഫ് പദ്ധതി. നവകേരള സൃഷ്ടിക്കായി പുതുതലമുറയെ വാർത്തെടുക്കാനാണ് സർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാർ ജി എസ് ടി വിഹിതം നിഷേധിച്ചിട്ടും പ്രയാസങ്ങൾക്കൊപ്പം മുട്ടുമടക്കാതെ പാവപ്പെട്ടവർക്കൊപ്പം നിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാൽ കേരളം അതിന് കൂട്ടുനിൽക്കില്ല. പ്രതിജ്ഞാബദ്ധമായ നിലപാടാണ് ഇക്കാര്യത്തിൽ കേരളം സ്വീകരിച്ചിരിക്കുന്നത്. വർഗീയതയ്ക്ക് ബദലായുള്ള രക്ഷാകവചമാണ് കേരളം നടത്തുന്ന ശ്രമങ്ങൾ. ഇടുക്കി അടിമാലിയിൽ 217 വീടുകളുടെ താക്കോൽ കൈമാറിയ നിമിഷമാണ് തന്റെ ജീവിതത്തിലെ ഭാഗ്യനിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്തിൽ പണി പൂർത്തീകരിച്ച 164 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റം വലിയപറമ്പിൽ ധർമ്മന് താക്കോൽ മാതൃക കൈമാറി ഉദ്ഘാടനം ചെയ്തു. ജീവനി പദ്ധതിയുടെയും കർഷകർക്കുള്ള കാർഷിക കൈസഹായത്തിന്റെയും ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ബഡ്‌സ് സ്‌കൂൾ ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, ഹൈടെക് ക്‌ളാസ് റൂം ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, മെറ്റീരിയൽ റിക്കവറി സെന്റർ ഉദ്ഘാടനം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് ജോയ് ജോൺ, എസ്.സി ജലവിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, പഞ്ചായത്തിലെ വിവിധ റോഡുകൾ വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ്, ലാപ്ടോപ് വിതരണം മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം സീന അഷ്‌റഫ്, കുടുംബശ്രീ വായനശാല സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുഗത ശശിധരൻ എന്നിവർ നിർവ്വഹിച്ചു.
ഗ്രാമപ്പഞ്ചായത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയാണ് പത്തോളം പദ്ധതികൾ എറിയാട് പഞ്ചായത്തിൽ യാഥാർത്ഥ്യമാക്കുന്നത്. ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ് നന്ദിയും പറഞ്ഞു. വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date