പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം 19 ന് ; ജില്ലയില്‍ 2,28,768 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടത്തും. അഞ്ച് വയസ്സില്‍ താഴെയുളള 2,28,768 കുട്ടികള്‍ക്കാണ് ഇത്തവണ തുളളിമരുന്ന് നല്‍കുന്നത്. പി.എച്ച്.സി കളിലും അംഗന്‍വാടികളിലുമായി 2193 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം ബസ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലായി 55 ബൂത്തുകളും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലുമായി തുള്ളിമരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിന് 54 മൊബൈല്‍ ബൂത്തും സജ്ജീകരിച്ചു. മേള, ഉത്സവം എന്നിവ നടക്കുന്നയിടങ്ങളിലായി തയ്യാറാക്കിയ നാല് ബൂത്തും ഉള്‍പ്പെടെ 2306 ബൂത്തുകളാണ് ജില്ലയില്‍ ഞായറാഴ്ച തുളളിമരുന്ന് വിതരണത്തിനായി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുക.
പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19 ന് രാവിലെ എട്ട് മണിക്ക് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍വഹിക്കും. പഞ്ചായത്ത് തലത്തിലും തുള്ളിമരുന്ന് വിതരണോദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവ സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാനിടയുളള എല്ലാ സ്ഥലങ്ങളിലും പ്രത്യേക ബൂത്തുകള്‍ സ്ഥാപിച്ച് തുളളിമരുന്ന് വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു വയസ്സിനു താഴെയുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുളളിമരുന്ന് വിതരണം ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തുകള്‍ വഴിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും പ്രചാരണം നല്‍കും. സ്‌കൂള്‍ അസംബ്ലികളില്‍ പോളിയോ വിതരണം സംബന്ധിച്ച് ബോധവത്ക്കരണം നല്‍കുന്നതിന് ഡപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ നിര്‍ദേശം നല്‍കി. പ്രചാരണത്തിനായി പോസ്റ്ററുകളും ബാനറുകളും വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.
2011 ന് ശേഷം രാജ്യത്ത് പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്ത് തൊഴില്‍ മേഖലയില്‍ കുടിയേറ്റം വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍കരുതലായാണ് ഇമ്മ്യൂണൈസേഷന്‍ നടത്തുന്നത്. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം സംബന്ധിച്ച് പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അഡിഷണല്‍ ഡി.എം.ഒ ഡോ എന്‍ രാജേന്ദ്രന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ മോഹന്‍ദാസ്, ഐ.എം.എ പ്രതിനിധികളായ ഡോ വേണുഗോപാലന്‍. ഡോ വിജയറാം, പഞ്ചായത്ത് അസി.ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ്, ഡോ അഷ്‌റഫ് ടി.പി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments