Skip to main content

ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക്  -മുഖ്യമന്ത്രി പിണറായി വിജയൻ

* കേരള ബാങ്ക് ലോഗോ പ്രകാശനം ചെയ്തു
ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവിൽ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐയാണ് ഒന്നാമത്.
കേരളബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവുമുണ്ട്. ഇതിനുപുറമേ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 1625 ഉം ലൈസൻസ്ഡ് അർബൻ ബാങ്കുകൾക്ക് 60 ഉം ശാഖകളുണ്ട്. ഇവയെല്ലാം കൂടിയുള്ളതാണ് കേരള ബാങ്കിന്റെ അംഗത്വം. ഈ ശൃംഖലയ്ക്ക് സംസ്ഥാനതാത്പര്യങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമാകും. അതുകൊണ്ടുതന്നെ, അടുത്ത മൂന്നുവർഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമാക്കുക എന്നത് അതിരുകവിഞ്ഞ സ്വപ്നമല്ല.
കാർഷികവായ്പ പടിപിടിയായി ഉയർത്തുകയും കേരള ബാങ്കിന്റെ ലക്ഷ്യമാണ്. നാടിന്റെ സമ്പത്ത് നാട്ടിൽത്തന്നെ വിനിയോഗിക്കുന്നു എന്നത് സഹകരണ ബാങ്കിംഗ് മേഖലയുടെ പ്രത്യേകതയാണ്. സഹകരണപ്രസ്ഥാനം പ്രാദേശികവികസനത്തിന് സഹായകരവും കർഷകർക്കും സാധാരണക്കാർക്കും ജനങ്ങളുടെ ആശ്രയവുമായിരുന്നു.
വിവിധ പ്രതിസന്ധികളിൽ സഹകരണമേഖല നടത്തിയ ഉദാത്ത ഇടപെടലുകൾ നാടാകെ അംഗീകരിച്ചതാണ്. അതുകൊണ്ടാണ് ജനങ്ങൾ ഈ മേഖലയിൽ കൂടുതൽ വിശ്വാസമർപ്പിക്കുന്നത്. ദൗർബല്യങ്ങൾ ഉണ്ടായാൽ അത് കണ്ടെത്തി പരിഹരിച്ച് കൂടുതൽ മുന്നോട്ടുപോയതാണ് ചരിത്രം. കൂടുതൽ മെച്ചപ്പെട്ട ബാങ്കിംഗ് സൗകര്യമൊരുക്കുകയാണ് കേരള ബാങ്കിന്റെ ലക്ഷ്യം. നാടിന്റെ നൻമയ്ക്കുതകുന്ന ഏതുതരം സമീപനവും സ്വീകരിക്കാനാകണം.
കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് മേഖലയുടെ സഹകരണസ്വഭാവം നഷ്ടപ്പെടുമെന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണചട്ടങ്ങളും നിയമങ്ങളും പൂർണമായി പാലിച്ച് ബാങ്ക് മുന്നോട്ടുപോകുന്നതിനാൽ സഹകണസ്വഭാവം കൂടുതൽ ശക്തമാകും. സംസ്ഥാന സഹകരണ ബാങ്കിനുൾപ്പെടെ നിലവിൽ ആർ.ബി.ഐ നിയന്ത്രണം ഉള്ളതിനാൽ കേരളബാങ്കിനുള്ള ആർ.ബി.ഐ നിയന്ത്രണത്തെ പ്രശ്നമായി കാണേണ്ടതില്ല. ഒരു വഴിവിട്ട നീക്കത്തിനും ഇടവരില്ല എന്നതിനാൽ സാമ്പത്തിക അച്ചടക്കമുണ്ടാകുന്നത് ബാങ്കിന്റെ വളർച്ചക്ക് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്കെന്ന ആശയം പുതുതായി തോന്നിയ ഒന്നല്ല. ദീർഘകാലമായി പല സഹകാരികളിലും ത്രിതല സംവിധാനം ദ്വിതലമായി മാറുന്നത് കൂടുതൽ കരുത്തുപകരുമെന്ന ആശയം ചർച്ചയായിരുന്നു. അതു ഗുണകരമാകുമെന്ന് മനസിലാക്കിയാണ് കേരള ബാങ്കിലേക്ക് എത്തിയത്.
ഓരോ ഗ്രാമങ്ങളിലും വിപുലമായ തോതിൽ ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടുത്തുന്നതിൽ സഹകരണപ്രസ്ഥാനം വഹിച്ച പങ്ക് വലുതാണ്. ദേശീയപ്രസ്ഥാന കാലഘട്ടം മുതൽ സഹകരണമേഖല ശക്തമായിരുന്നു. ജനസേവനത്തിന്റേതായ മാർഗം എന്ന നിലയിൽ സഹകരണമേഖല പ്രവർത്തിച്ചതാണ് ജനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടാക്കാൻ സഹായമായത്. സഹകരണമേഖലയെ തകർക്കാനുള്ള നീക്കങ്ങളുണ്ടായപ്പോൾ ഒത്തൊരുമയോടെ നേരിടാനായതാണ് അതിജീവനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ രൂപകൽപന ചെയ്ത സ്ഥാപനമായ ബി.ആർ ആൻറ് ഐ യ്ക്ക് വേണ്ടി ബെന്നിച്ചൻ മാനുവൽ മുഖ്യമന്ത്രിയിൽനിന്ന് മൊമന്റോ ഏറ്റുവാങ്ങി.
കേരള ബാങ്കിന്റെ ബ്രാൻറ് മൂല്യം ഉയർത്താനും ജനങ്ങൾക്കത് അനുഭവവേദ്യമാകാനും എല്ലാ കാര്യങ്ങളിലും നാം ഒന്നാംസ്ഥാനത്തെത്തണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പെരുമാറ്റത്തിൽ, ആധുനിക സാങ്കേതിക മികവിൽ, സുതാര്യതയിൽ, കൃത്യതയിൽ, വിശ്വാസ്യതയിൽ, മനുഷ്യവിഭവശേഷിയിൽ, വളർച്ചയിൽ എല്ലാം നാം ഒന്നാമതെത്തണം. ജില്ലാ ബാങ്കുകളിൽ നിന്ന് ലഭിച്ചിരുന്ന എല്ലാസേവനങ്ങളും കേരള ബാങ്കിലും ലഭിക്കും. പ്രവാസിനിക്ഷേപവും കൂടുതൽ ആകർഷിക്കാനാകണം. വായ്പ കൊടുക്കുമ്പോൾ പലിശ കുറച്ചുകൊടുക്കാനാകുമെന്നത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ, പുരാരേഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വി. ജോയ് എം.എൽ.എ, ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് കൗൾ, സഹകരണ സംഘം രജിസ്ട്രാർ ഡോ: പി.കെ. ജയശ്രീ എന്നിവർ സംബന്ധിച്ചു.   സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി സ്വാഗതവും സംസ്ഥാന സഹകരണ ബാങ്ക് എം.ഡി റാണി ജോർജ് നന്ദിയും പറഞ്ഞു. തുടർന്ന്, സംസ്ഥാന സഹകരണ ബാങ്ക് വിശേഷാൽ പൊതുയോഗവും നടന്നു.
പി.എൻ.എക്സ്.267/2020

 

date