Skip to main content

കാൽ നൂറ്റാണ്ടായി അടഞ്ഞു കിടന്ന ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിൽ പുതിയ പദ്ധതികൾക്ക് തുടക്കമായി

*വ്യാവസായിക പരിശീലന കേന്ദ്രം മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു
കാൽനൂറ്റാണ്ടായി അടഞ്ഞു കിടന്ന ആറ്റിങ്ങൽ മൂന്നു മുക്കിലെ സ്റ്റീൽ ഫാക്ടറിക്ക് പുതുജീവൻ പകർന്ന് പുത്തൻ പദ്ധതികൾക്ക് തുടക്കമായി. സംസ്ഥാന വ്യവസായ വകുപ്പിന്റേയും കേന്ദ്ര സർക്കാർ സ്ഥാപനമായ മൈക്രോ സ്‌മോൾ ആന്റ് മീഡിയം എന്റർപ്രൈസസിന്റേയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതികൾ വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പുതിയതായി വ്യവസായം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും ചെറുകിട വ്യവസായികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർക്കും ശാസ്ത്രീയ വ്യാവസായിക പരിശീലനം നൽകുന്ന കേരളത്തിലെ മികച്ച പരിശീലന കേന്ദ്രമാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്.
കേരളത്തിൽ 1.85 ലക്ഷം പേർക്ക് വ്യവസായ വകുപ്പ് തൊഴിൽ നൽകിയതായി മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. കേരളത്തിൽ സൂക്ഷമ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ സാധ്യത വർദ്ധിച്ചു വരികയാണ്. ജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. സംരംഭകർക്ക് പ്രയോജനപ്പെടുന്ന വിധം നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. സ്റ്റീൽ ഫാക്ടറിയുടെ വികസനം ആറ്റിങ്ങലിന്റെ മുഖഛായ മാറ്റുമെന്ന് മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കേരളത്തിൽ പുതിയതായി ആരംഭിച്ചത് 58000 സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളാണ്. 45000 കോടി രൂപയുടെ നിക്ഷേപമാണ് ഈ കാലയളവിൽ മേഖലയിൽ സാധ്യമായത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തിൽ സ്റ്റീൽ ഉത്പന്നങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നത് ഫാക്ടറിക്ക് ഗുണകരമാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബി.സത്യൻ എം.എൽ.എ പറഞ്ഞു.
സ്റ്റീൽ ഫാക്ടറി തുറക്കുന്നതിനായി സംസ്ഥാന വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ പലതവണ കേന്ദ്രസർക്കാരിൽ ഇടപെടൽ നടത്തിയിരുന്നു. വർഷങ്ങളായി കാടുപിടിച്ചുകിടന്നിരുന്ന ഫാക്ടറിയും പരിസരവും നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചാണ്  പരിശീലനത്തിനുവേണ്ടിയുള്ള പുതിയ സംവിധാനങ്ങൾ ഒരുക്കിയത്. വ്യവസായ രംഗത്ത് ആവശ്യമായതും അറിഞ്ഞിരിക്കേണ്ടതുമായ വിവിധ കാര്യങ്ങൾ പരിചയപ്പെടുത്താൻ ശാസ്ത്രീയമായ പരിശീലനമാണ് ഇവിടെ നൽകുക. നിലവിൽ ഇത്തരം പരിശീലനത്തിന് സംസ്ഥാനത്തിന് പുറത്തു പോകേണ്ട സ്ഥിതിയാണ്. കുറഞ്ഞ ചെലവിൽ സംസ്ഥാനത്തിനകത്ത് തന്നെ മികച്ച പരിശീലനം നൽകാനാകുന്നതോടെ പുതിയ ഒരു സംരംഭകത്വ സംസ്‌കാരം നാട്ടിൽ വളർത്തിയെടുക്കാനാകുമെന്നാണ്് അധികൃതരുടെ പ്രതീക്ഷ.
ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, എം.എസ്.എം.ഇ ഡയറക്ടർ പനീർശെൽവം, ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ ആർ.എസ.്‌രേഖ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവൻ ചേരി രാജു, ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ പ്രിൻസ് രാജ്, ആറ്റിങ്ങൽ ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ വി. മണികണ്ഠൻ നായർ, ആറ്റിങ്ങൽ ഗവൺമെന്റെ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ പി. ഒ. നിസാർ, ആറ്റിങ്ങൽ ഗവൺമെന്റെ ഐ.ടി.ഐ കോളേജ് പ്രിൻസിപ്പൽ ഷമ്മി ബേക്കർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി. എസ് സീമി, എം. എസ്. എം. ഇ പ്രതിനിധി ബാലഗുരു എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്.284/2020

date