Skip to main content

മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കാൻ നിർദേശം

മാലിന്യ സംസ്‌കരണ സംവിധാനം കുറ്റമറ്റരീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ജില്ലാ കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കണമെന്ന് നിർദേശം. മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിക്കാനുള്ള സബ്‌സിഡി ബി.പി.എൽ കാർഡുടമകൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നും മാലിന്യ സംസ്‌കരണ രംഗത്തെ സേവനദാതാക്കൾ നിർദേശിച്ചു.
ഹരിത കേരളം മിഷൻ സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തിൽ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സേവനദാതാക്കൾക്കായി സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചർച്ചയിലാണ് ഈ നിർദേശങ്ങൾ ഉയർന്നത്. ബയോഗ്യാസ് ഉൾപ്പെടെ മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ചവർക്ക് ശരിയായ മാർഗനിർദേശം ലഭിക്കുവാൻ ഹെൽപ്പ് ഡസ്‌ക് സഹായിക്കുമെന്ന് സേവന ദാതാക്കൾ ചൂണ്ടിക്കാട്ടി.
ഗാർഹികമേഖലയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ബയോഗ്യാസ് സംവിധാനം വ്യാപകമാക്കുന്നതിനൊപ്പം എല്ലാ കെട്ടിടങ്ങൾക്കും മാലിന്യസംസ്‌കരണ സംവിധാനം നിർബന്ധമാക്കണം. കൂടാതെ ഗുണഭോക്താക്കൾക്ക് ആവശ്യാനുസരണം പ്ലാൻ തിരഞ്ഞെടുക്കാൻ അവകാശം നൽകണം. മാലിന്യസംസ്‌കരണരംഗത്ത് നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്താൻ ശുചിത്വ മിഷൻ മുൻകൈ എടുക്കണമെന്നും സേവനദാതാക്കൾ ആവശ്യപ്പെട്ടു.
മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക ഉയർത്തണമെന്ന  സേവനദാതാക്കളുടെ നിർദേശം പരിഗണിക്കുമെന്ന് മോഡറേറ്റർ ആയിരുന്ന ശുചിത്വ മിഷൻ ഡയറക്ടർ പി.ഡി.ഫിലിപ്പ് പറഞ്ഞു. സേവനദാതാക്കൾക്ക് തിരിച്ചറിയൽ കാർഡും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും നൽകണമെന്ന നിർദേശവും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സേവനദാതാക്കൾക്കു പുറമെ ഹരിതകേരളം മിഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്, പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ്, സോളിഡ് വേസ്റ്റ് എക്‌സ്‌പേർട്ട് ജയകുമാർ, ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൽട്ടന്റ് രഞ്ജു പിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പി.എൻ.എക്സ്.295/2020

 

date