Skip to main content

പുനരുപയോഗത്തിന്റെ പുതുവഴി തുറന്ന് ശുചിത്വ സംഗമ ചർച്ച

ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമ പരിപാടിയിൽ പുനഃചംക്രമണ പുനരുപയോഗ ചർച്ചയിൽ ഉയർന്നത് ക്രിയാത്മക നിർദ്ദേശങ്ങൾ. കേരളത്തിൽ നടപ്പാക്കുന്ന വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്‌കരണ രീതി മികച്ചതാണെന്ന വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കേരളത്തിൽ കൂടുതൽ മാലിന്യ സംസ്‌കരണ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സംരംഭകർ മാലിന്യ പുനരുപയോഗ സാധ്യതകൾ വിശദീകരിച്ചു. മാലിന്യത്തെ പുതിയ ഉൽപ്പന്നങ്ങൾക്കുള്ള അസംസ്‌കൃത പദാർത്ഥങ്ങളായാണ് കാണാറുള്ളതെന്നും ഇവ പൂർണ്ണമായും പുനഃചംക്രമണത്തിന് വിധേയമാക്കാൻ സാധിക്കുമെന്ന ഉറപ്പും പ്രതിനിധികൾ പങ്കുവച്ചു.
കേരളത്തിൽ നടക്കുന്ന മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളെ ഐക്യരാഷ്ട്ര സഭ വികസന പരിപാടി പ്രതിനിധികൾ അഭിനന്ദിക്കുകയും ശാസ്ത്രീയ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുമെന്നും അറിയിച്ചു. മാലിന്യ ശേഖരണത്തിന് സർക്കാർ, സർക്കാരിതര സംഘടനകളുടെ ഏകോപനം സുഗമമാക്കണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നു. കോഴിമാലിന്യ സംഭരണത്തിന് ശക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകണമെന്നും ഫ്രീസർ സംവിധാനം നിർബ്ബന്ധമാക്കണമെന്നും പ്രത്രിനിധികൾ ആവശ്യപ്പെട്ടു. കോഴിമാലിന്യത്തിൽ നിന്ന് പ്രോട്ടീൻ പൗഡർ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, മുടിയിൽ നിന്ന് അമിനോ ആസിഡ് ഉൽപ്പാദിപ്പിക്കാനുള്ള സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള മാതൃകകൾ വിവിധ സംരംഭകർ പങ്കുവച്ചു. സിമന്റ് നിർമ്മാണത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ സാധ്യതകളും ചർച്ചയായി.
പ്രൊഫ. പി.കെ.രവീന്ദ്രൻ മോഡറേറ്ററായ ചർച്ചയിൽ പുനരുപയോഗ സംരംഭകർ, ശാസ്ത്രീയ വിദഗ്ദ്ധർ, യു.എൻ.ഡി.പി. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്.296/2020

 

date