Skip to main content

പുനർഗേഹം: തീരദേശത്ത് തുടർനടപടികൾ വേഗത്തിൽ; കോ-ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കും

സംസ്ഥാനത്തെ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്ന 'പുനർഗേഹം' പദ്ധതിയുടെ ആദ്യഘട്ടത്തിന് കയ്പമംഗലത്ത് തുടക്കമിടുന്നു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. മണ്ഡലത്തിലെ 408 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. പദ്ധതി നടപ്പാക്കാനായി ഓരോ പഞ്ചായത്തിലും അടിയന്തരമായി കോ-ഓർഡിനേഷൻ കമ്മിറ്റികൾ രൂപവത്കരിക്കും. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി ചെയർമാൻമാർ, വില്ലേജ് ഓഫീസർ, ബന്ധപ്പെട്ട ഫിഷറീസ് ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട പഞ്ചായത്ത് അംഗം എന്നിവരടങ്ങുന്നതാണ് കോ-ഓർഡിനേഷൻ കമ്മിറ്റി. പദ്ധതി നടപ്പാക്കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽ വിട്ടുപോയ കുടുംബങ്ങളെ കൂട്ടിച്ചേർക്കാനും ഇതിലൂടെ അവസരമൊരുക്കുന്നു. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ വേലിയേറ്റ രേഖയ്ക്ക് അകത്ത് താമസിക്കുന്നത് എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ്. എറിയാട് ഇരുന്നൂറിലധികവും എടവിലങ്ങ് നിന്ന് നൂറ് കുടുംബങ്ങളെയുമാണ് മാറ്റിപ്പാർപ്പിക്കുക.
വേലിയേറ്റമേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. 2,450 കോടിയുടെ പദ്ധതി മൂന്നുഘട്ടമായി 2022 -ഓടെ പൂർത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 1,052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽനിന്നും കണ്ടെത്തും. 10 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബങ്ങൾക്കും ഇതിനായി നൽകുന്നത്. ഇതിൽ സ്ഥലം വാങ്ങി ബാക്കി മുഴുവൻ പണവും വീടു നിർമ്മിക്കുന്നതിനുപയോഗിക്കാമെന്ന പുതിയ നിയമം കൂടി ഉൾപ്പെടുത്തിയതോടെ 10 ലക്ഷം രൂപയും ഗുണഭോക്താവിന് ലഭിക്കും എന്നതാണ് മറ്റൊരു പ്രയോജനം. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് കയ്പമംഗലത്ത് നടപ്പാക്കുന്നത്.

date