Skip to main content

റിപ്പബ്ലിക്ദിന പരേഡ് വര്‍ണാഭമാക്കാന്‍ കോഴിക്കോട് ബീച്ച് ഒരുങ്ങി മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിവാദ്യം സ്വീകരിക്കും; ഇന്ന് മുതല്‍ റിഹേഴ്‌സല്‍

 

 

 

പതിവില്‍ നിന്ന് വ്യത്യസ്തമായി ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് ഇത്തവണ സംഘടിപ്പിക്കുന്നത് കോഴിക്കോട് ബീച്ചില്‍. സാധാരണ വെസ്റ്റ്ഹില്‍ പരേഡ് ഗ്രൗണ്ടില്‍ നടത്താറുള്ള ആഘോഷ പരിപാടി കൂടുതല്‍ വര്‍ണാഭവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് ബീച്ച് റോഡില്‍ നടത്താന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ റിപ്പബ്ലിക് ദിന പരേഡിന്റെ ചെറുമാതൃകയില്‍ വിവിധ പ്ലാറ്റൂണുകളുടെ പരേഡിനൊപ്പം വിവിധ വകുപ്പുകളുടെ ടാബ്ലോകളും കേരളത്തിന്റെ തനത് കലാ രൂപങ്ങളുടെ പ്രകടനങ്ങളും അടങ്ങുന്ന പരേഡ് കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ബീച്ചില്‍ ഒരുക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും സാംസ്‌കാരിക നായകരും പ്രത്യേക അതിഥികളായി പങ്കെടുക്കുന്ന പരേഡ് വീക്ഷിക്കാന്‍ വന്‍ ജനാവലിയെത്തുമെന്നാണ് ജില്ലാഭരണകൂടം പ്രതീക്ഷിക്കുന്നത്.

 

ജനുവരി 26 ന് രാവിലെ എട്ടു മണിക്ക് നടക്കുന്ന പരേഡിന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിവാദ്യമര്‍പ്പിക്കും. ദേശീയ പതാക വിടര്‍ത്തുന്ന മന്ത്രി ജനാവലിയെ അഭിസംബോധന ചെയ്യും. പൊലീസ്, ട്രാഫിക് പൊലീസ്, എക്സൈസ്, ഫയര്‍ ഫോഴ്സ്, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്സ്, ഗൈഡ്, റെഡ് ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ക്ക് പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങളാണ് ഇത്തവണത്തെ പരേഡിനെ വേറിട്ടതാക്കുന്നത്.

 

ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ്, ട്രാഫിക് പൊലീസ്, എസ്.പി.സി, മോട്ടോര്‍ വാഹന വകുപ്പ്, എക്സൈസ്, പഞ്ചായത്ത്, ഫിഷറീസ്, കെ.എസ്.ഇ.ബി, നെഹ്‌റുയുവ കേന്ദ്ര, കോഴിക്കോട് കോര്‍പറേഷന്‍, ചൈല്‍ഡ് ലൈന്‍, ഡി.ടി.പി.സി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേന്ദ്രീയ വിദ്യാലയം-1 തുടങ്ങിയ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്ലോട്ടുകള്‍ പരേഡില്‍ അണിനിരക്കും. ദേശഭക്തി ഗാനം, ബാന്‍ഡ് വാദ്യം, ശിങ്കാരി മേളം, മാര്‍ഗം കളി, തിരുവാതിര, ദഫ്, ഒപ്പന, നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങളുടെ പ്രകടനവും ഉണ്ടാവും. പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സുരക്ഷയൊരുക്കും.

 

പരേഡിന്റെ റിഹേഴ്‌സല്‍ ഇന്നും നാളെയും (ജനുവരി 22, 23) ബീച്ചില്‍ നടക്കും. 24 ന് രാവിലെ ഡ്രസ് റിഹേഴ്‌സലും നടക്കും. ജില്ലാ കലക്ടര്‍ സാംബശിവ റാവു, എ.ഡി.എം റോഷ്നി നാരായണന്‍, ജില്ലാ പൊലീസ് മേധാവി (സിറ്റി) എ.വി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ പരേഡിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.

 

 

 

വരയും വര്‍ണവുമായ് ജില്ലാതല ഊര്‍ജോത്സവം

 

 

 

ആവശ്യം കഴിഞ്ഞാലും കത്തിനില്‍ക്കുന്ന ലൈറ്റുകളും കറങ്ങുന്ന ഫാനുകളും വീടുകളിലും സ്‌കൂളുകളിലും ഓഫീസുകളിലും പതിവു കാഴ്ചയാവാതിരിക്കാന്‍  എനര്‍ജി മാനേജ്മെന്റ് സെന്റര്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായ് ചേര്‍ന്ന് ആവിഷ്‌കരിച്ച സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ  ജില്ലാതല ഊര്‍ജോത്സവം  പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. കോഴിക്കോട് ജില്ലയില്‍ അഞ്ചിടത്തായി നടന്ന ഊര്‍ജോത്സവങ്ങളില്‍ വിജയികളായ 135 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമെന്റൊയും വിതരണം ചെയ്തു. ജില്ലാതല മത്സരത്തില്‍ കാര്‍ട്ടൂണ്‍, ഉപന്യാസ രചന, ചിത്രരചന, ക്വിസ്സ്, തുടങ്ങിയവയില്‍ ഊര്‍ജസംരക്ഷണത്തിന്റെ പുതുപാഠങ്ങള്‍ അവതരിപ്പിച്ച് കുട്ടികള്‍ ശ്രദ്ധേയരായി. ഒരു സെക്കന്റില്‍ ഒരു തുള്ളി ജലം നഷ്ടപ്പെടുത്തിയാല്‍ പോലും വര്‍ഷം 31104 ലിറ്റര്‍ ജലവും അത് ടാങ്കിലെത്താനാവശ്യമായ 50 ലേറെ യൂണിറ്റ് വൈദ്യുതിയും നഷ്ടപ്പെടുമെന്ന  കണക്കുകള്‍ നിരത്തി  ഗാര്‍ഹികോര്‍ജ സംരക്ഷണത്തില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികള്‍ വ്യക്തമാക്കി. രണ്ട് പേരുള്ള വീട്ടില്‍ പോലും നാലഞ്ച് ഗ്ലാസ്സ് വെള്ളം ചായക്കുവേണ്ടി തിളപ്പിക്കുമ്പോള്‍ ആവശ്യത്തിലേറെ ഭക്ഷണം പാകം ചെയ്യുമ്പോഴുമുണ്ടാകുന്ന പാചക വാതക നഷ്ടത്തെക്കുറിച്ചും കുട്ടികള്‍ പഴയ തലമുറയ്ക്ക് അറിവു പകര്‍ന്നു.  നിരവധി മാര്‍ഗങ്ങളിലൂടെ വൈദ്യുതി ബില്ല് ഗണ്യമായി കുറക്കാനും വര്‍ദ്ധിച്ചു വരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് പുതു മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചും വരയും വര്‍ണ്ണങ്ങളുമായി ഊര്‍ജസ്വലരായിരുന്നു കുട്ടികള്‍.  

ഊര്‍ജോത്സവം ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി.മിനി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.മുരളി,  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റജീന.കെ., ഇ.എം.സി ജില്ലാ കോഓഡിനേറ്റര്‍ ഡോ.എന്‍. സിജേഷ്, സെപ് ജോയിന്റ് കോര്‍ഡിനേറ്റര്‍ എം.കെ.സജീവ് കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.  

 

 

date