Skip to main content

ആദിവാസി ഭൂമി വിതരണം:രണ്ട് മാസത്തിനകം നടപടി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം

  ജില്ലയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനുളള നടപടികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍ദ്ദേശം നല്‍കി. കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന  ജില്ലാതല പട്ടയമേളയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സുപ്രീകോടതി വിധി പ്രകാരം വനം വകുപ്പില്‍ നിന്ന് ലഭിക്കേണ്ട  ഭുമിയും റിക്കാര്‍ഡ് ഓഫ് റൈറ്റ് പ്രകാരം കൊടുക്കാനുളള ഭൂമിയും പട്ടികവര്‍ഗ്ഗ വകുപ്പ് പണം നല്‍കിയ വാങ്ങിയ ഭൂമിയും  വിതരണം ചെയ്യാന്‍ സാധിച്ചാല്‍ ഭൂപ്രശ്‌നം ഒരു പരിധി വരെ പരിഹാരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടവും വനംവകുപ്പും നോഡല്‍ ഏജന്‍സിയായ പട്ടിക വര്‍ഗ്ഗ വകുപ്പും ഇതിനായി നല്ല രീതിയില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
    സംസ്ഥാനത്ത് എറ്റവും കൂടുതല്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുളളത് വയനാട്ടിലാണ്. 8051 പേര്‍ക്കാണ് സ്വന്തമായി ഭൂമിയില്ലെന്ന് കണ്ടെത്തിയിട്ടുളളത്. വനാവകാശ നിയമപ്രകാരം  121 ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്. മൂത്തങ്ങ സമരത്തിന്റെ ഭാഗമായി 225 പേര്‍ക്ക് 225 ഏക്കര്‍ നിക്ഷിപ്ത വനഭൂമി നല്‍കി. 171 പേര്‍ക്ക് 20.4 ഏക്കര്‍ ഭൂമി വില കൊടുത്ത് വാങ്ങി നല്‍കി. ആകെ  604 പേര്‍ക്ക് 368.98 ഏക്കര്‍ ഭൂമി ഈ സര്‍ക്കാര്‍ അധിക്കാരത്തില്‍ എത്തിയ ശേഷം വിതരണം ചെയ്തിട്ടുണ്ട്. ഈ പട്ടയമേളയില്‍  518 കൂടി ഭൂമി വിതരണം ചെയ്യുകയാണ്. 500 പേര്‍ക്ക് പത്ത് സെന്റ് വീതം നിക്ഷിപ്ത വനഭൂമിയും 18 പേര്‍ക്ക് കൈവശ രേഖയുമാണ് നല്‍കുന്നത്. 6929 പേര്‍ക്ക് കൂടി ഭൂമി നല്‍കേണ്ടതുണ്ട്. ഇതില്‍ പകുതി പേര്‍ക്ക് കുറച്ച് ഭൂമിയുണ്ട്. ഏകദേശം 3500 പേര്‍ക്കാണ് തീരെ ഭൂമിയില്ലാത്തവരായി കാണുന്നതെന്നും മന്ത്രി പറഞ്ഞു.
     സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗമായ ആദിവാസികളുടെ  ഭൂപ്രശ്‌നം പരിഹാരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കുറ്റബോധം കൊണ്ട് തലതാഴ്‌ത്തേണ്ടി വരും. ജില്ലാ കളക്ടറും ഡി.എഫ്.ഒയും ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടണമെന്ന് മന്ത്രി പറഞ്ഞു. ഭൂമി വിട്ട് നല്‍കുന്ന കാര്യത്തില്‍ വനം വകുപ്പ് കൂടുതല്‍ സൗമനസ്യം കാണിക്കണം. വാസയോഗ്യമല്ലാത്ത സ്ഥലത്തിന് പകരം ഭൂമി നല്‍കാന്‍ അവര്‍ തയ്യാറാക്കണം. സുപ്രീകോടതി വിധി പ്രകാരം ലഭിക്കേണ്ട ഭൂമി വനം വകുപ്പ് വിട്ട് നല്‍കാത്തതാണ് ഭൂവിതരണത്തിന്  കാലതാമസം ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
    ജില്ലാതല പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍,ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡോ.അദീല  അബ്ദുളള, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഉഷാതമ്പി, എ.ഡി.എം തങ്കച്ചന്‍ ആന്റണി, സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് തുടങ്ങിയവര്‍ പങ്കെടുത്തു

date