Skip to main content

സപ്ലൈകോ;പാവപ്പെട്ടവരുടെ അത്താണിയായി മാറിയ സ്ഥാപനം  -മന്ത്രി പി.തിലോത്തമന്‍ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ പോത്തുകല്ലില്‍ ഉദ്ഘാടനം ചെയ്തു

 

നമ്മുടെ നാട്ടിലെ സാധാരണക്കാരന് അത്താണിയായി മാറിയ സ്ഥാപനമാണ് സപ്ലൈകോ എന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍. പാവപ്പെട്ടവന്റെ ജീവിത ഭാരം കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താവിന് ഉത്പന്നങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടു കൂടി അനുവദിച്ച സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ പോത്തുകല്ലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.
കേരളത്തിലെ പൊതുവിതരണ രംഗം മാറ്റത്തിന് വിധേയമാവുകയാണെന്നും റേഷന്‍ കടകള്‍ ഇടനിലക്കാരെ ഒഴിവാക്കി സമാര്‍ട്ടാക്കിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പഴുതുകള്‍ അടച്ചുള്ള പൊതുവിതരണ സംവിധാനമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും പ്രവര്‍ത്തനങ്ങളുടെ സുതാര്യതയ്ക്കായി ഇ-പോസ് മെഷീന്‍ ത്രാസുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ന്യായവിലയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെതുവിതരണ സമ്പ്രദായം നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും സര്‍ക്കാരുകള്‍ മാറി മാറി വന്നാലും ഈ സ്ഥാപനത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറിലൂടെയുള്ള ആദ്യ വില്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വത്സല അരവിന്ദന്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ ഒ.ടി ജെയിംസ്, താലൂക്ക് സപ്ലൈ ഓഫീസര്‍ വചസ്പതി, സപ്ലൈകോ നിലമ്പൂര്‍ ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍ പി.ജെ പ്രസാദ്, റീജിയനല്‍ മാനേജര്‍ യു.മോളി, വിവിധ ജനപ്രതിനിധികള്‍, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

date