Skip to main content

ആധുനിക വ്യാപാര താത്പര്യങ്ങള്‍ക്കനുസൃതമായി പൊതു വിതരണ കേന്ദ്രങ്ങളെ ശാക്തീകരിക്കും: മന്ത്രി പി. തിലോത്തമന്‍

 

പൊതു വിപണന രംഗത്തെ ജനകീയ താത്പര്യത്തോടെ ആധുനികവത്ക്കരിക്കുമെന്നു ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പു മന്ത്രി പി. തിലോത്തമന്‍. ആധുനിക വ്യാപാര താത്പര്യത്തിനനുസൃതമായി പൊതു വിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കുകയും വിവിധ ഘട്ടങ്ങളിലൂടെ മാവേലി സ്‌റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളായും സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളായും പരിവര്‍ത്തിപ്പിക്കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കിവരികയാണെന്നും ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ സപ്ലൈക്കോ മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
ചെറുകിട വ്യാപാര മേഖലയില്‍ ശക്തമായ ഇടപെടലിനാണ് ആഗോള കുത്തകകള്‍ ശ്രമിക്കുന്നത്. ഇതിനു തടയിടാന്‍ ജനപങ്കാളിത്തത്തോടെയുള്ള പൊതു വിതരണ ശാക്തീകരണ പദ്ധതിക്കാവും. റേഷന്‍ കടകള്‍ മുതലുള്ള പൊതു വിതരണ ശൃംഖല ശാക്തീകരണമാണ് നിലവില്‍ നടക്കുന്നത്. ആധുനികവത്ക്കരണത്തിലൂടെ ചൂഷണങ്ങള്‍ ചെറുക്കാനാവും. അധിക സൗകര്യങ്ങള്‍ നല്‍കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും നാട്ടുകാരും സന്നദ്ധമാവുന്നതോടെ ന്യായ വിലയില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന ആധുനിക പൊതു വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ വളയങ്ങാടന്‍ ബീഫാത്തിമ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഉമ്മാട്ട് കുഞ്ഞീതു, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സെയ്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, പ്രാദേശിക ജനപ്രതിനിധികള്‍, വകുപ്പുദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി വിളംബര ഘോഷയാത്രയും നടന്നു.
 

date