Skip to main content

തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിന് പുതിയ ലാബുകൾ

*ബെവ്കോയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകൾ ഉദ്ഘാടനം ചെയ്തു
തൈക്കട് സർക്കാർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബും മിനി തീയേറ്ററും എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 1992 എസ്. എസ്. എൽ.സി.ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഗണിതശാസ്ത്ര ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ  രംഗത്ത് അഭിനന്ദനാർഹമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസു മുറികൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുണ്ട്. നീതി ആയോഗിന്റെ പരിശോധനയിൽ വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമതെത്തിയത് സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാണ്. മക്കൾ സർക്കാർ സ്‌കൂളിലാണ് പഠിക്കുന്നതെന്ന് രക്ഷാകർത്താക്കൾ അഭിമാനത്തോടെ പറയുന്ന കാലഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പാഠ്യേതര പ്രവർത്തനങ്ങളിലുൾപ്പെടെ മോഡൽ സ്‌കൂളിൽ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളാൽ പേരു കേട്ട മോഡൽ സ്‌കൂളിന്റെ ഭാവി വികസനപ്രവർത്തനങ്ങൾക്ക് ഇതു പോലുള്ള ഇടപെടൽ ഉണ്ടാകണം. വിദ്യാർത്ഥികളിലും യുവാക്കളിലുമുള്ള ലഹരി ഉപയോഗത്തിനെതിരെ കൂട്ടായ പ്രവർത്തനമുണ്ടാകണമെന്നും മന്ത്രി നിർദ്ദേശം നൽകി.
പ്രിൻസിപ്പൽ എം.പി. ഷാജി അധ്യക്ഷത വഹിച്ചു. ബെവ്കോ എം.ഡി. ജി. സ്പർജൻകുമാർ, നഗരസഭാ കൗൺസിൽ വിദ്യാമോഹൻ, പൂർവ വിദ്യാർത്ഥി പ്രതിനിധി വലിയശാല പ്രവീൺ, ഹെഡ്മാസ്റ്റർ സുരേഷ്ബാബു ആർ.എസ്., പി.ടി.എ പ്രസിഡന്റ് കെ.ഗോപി, പൂർവ അധ്യാപകൻ ബാലചന്ദ്രൻ,  സ്‌കൂൾ ലീഡർ ആദിശേഷൻ, 1992 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.324/2020

date