Skip to main content

സാങ്കേതികമുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികൾ നേരിടാൻ സജ്ജമാകണം - മുഖ്യമന്ത്രി പിണറായി വിജയൻ

* ഇന്നവേഷൻ ദിനത്തിന്റെയും കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിന്റെയും
ഉദ്ഘാടനം നിർവഹിച്ചു

ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികളെ നേരിടാൻ നാട് സജ്ജമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഡെവലപ്മെൻറ് ആൻറ് ഇന്നവേഷൻ കൗൺസിലിന്റെ (കെ-ഡിസ്‌ക്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള ഇന്നവേഷൻ ദിനത്തിന്റെയും കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിന്റെയും ഉദ്ഘാടനവും കേരള ഫുഡ് പ്ലാറ്റ്ഫോം മൊബൈൽ ആപ്പിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ലക്ഷ്യം മുൻനിർത്തി മുന്നോട്ടുപോകാനും വിവിധ സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനും ബ്ളോക്ക് ചെയിൻ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാകണം.
ലോകമാകെ വൈജ്ഞാനിക, സാങ്കേതിക മേഖലയിലുണ്ടാകുന്ന വൻമുന്നേറ്റം തൊഴിൽമേഖലയിൽ തന്നെ വൻ മാറ്റമാണുണ്ടാക്കുന്നത്. വ്യവസായ, സേവന മേഖലകളിൽ ഇതുവഴി നവീകരണമാണുണ്ടാകുന്നത്. ആധുനിക സാങ്കേതിക മേഖലകളിലുള്ള അറിവിനെയും പ്രയോഗശേഷിയെയും അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്വ്യവസ്ഥയാണ് നാളത്തെ ലോകത്തെ നിയന്ത്രിക്കുക. ഇനി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ മികവ് മാത്രം പോര, നിർമിത ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന വിവിധതരം ഡിജിറ്റൽ മെഷീനുകളുടെയും റോബോട്ടുകളുടെയും രൂപകൽപനയും വികസനവുമാണ് പുതിയ ലോകം ആവശ്യപ്പെടുന്നത്.
വിവരശേഖരങ്ങളുടെ വിശകലനം, ഇൻറർനെറ്റ് ഓഫ് തിങ്ങ്സ്, ബ്ളോക്ക് ചെയിൻ തുടങ്ങിയ ആധുനിക മേഖലകളിലുള്ള ഗവേഷണവും ഉപയോഗവുമൊക്കെ ഇതിനാവശ്യമാണ്.
ഉന്നതനിലവാരം പുലർത്തുന്ന മാനവവിഭവം നൽകാനാവുന്ന പ്രദേശങ്ങളായിരിക്കും ഇനിയുള്ള കാലം ഏറ്റവും വളർച്ചയും വികസനവും നേടുന്നത്. അഭ്യസ്തവിദ്യർ ഏറെയുള്ള നമ്മുടെ നാടിന് മനസുവെച്ചാൽ ഇക്കാര്യത്തിൽ വലിയനേട്ടമുണ്ടാക്കാനാകും.  
ഇതു മനസിലാക്കിക്കൊണ്ട് ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ കേരളത്തിന് അനുകൂലമാക്കാനാണ് ശ്രമം. അതിനുകഴിയുന്ന വികസന സമീപനമാണ് ആസൂത്രണമാണ് വൈജ്ഞാനിക സമിതിയായ കെ-ഡിസ്‌കിലൂടെ നടപ്പാക്കുന്നത്.
ഈ മേഖലയിൽ 15 ഓളം സാധ്യതകൾ കണ്ടെത്തുകയും അവയുടെ നിർവഹണത്തിനായി കാര്യക്ഷതയുള്ള സ്റ്റാർട്ടപ്പ് കമ്പനികളെ കണ്ടെത്തി പൈലറ്റ് പ്രോജക്ടുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.  കേരളത്തിന്റെ ഭരണ സംവിധാനം തന്നെ നവീകരിക്കുന്ന പ്രവർത്തനമാണിത്. ഇത്ര വിപുലമായ തോതിൽ നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗം മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടോ എന്നകാര്യം സംശയമാണ്.
സർക്കാരിന്റെ ഭരണനിർവഹണപ്രവർത്തനങ്ങളെ പൂർണമായി നവീകരിക്കുന്ന ഈ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുകയാണ് ടെക്നോളജി ഇന്നവേഷൻ ചാമ്പ്യൻ 2020 അവാർഡിലൂടെ നാം ലക്ഷ്യമാക്കുന്നത്. ഇത് വരും വർഷങ്ങളിലും തുടരും. ഇതിലൂടെ മികച്ച നൂതനാശയങ്ങൾ നടപ്പാക്കാൻ തയാറാകുന്ന സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും അതിനായി പ്രവർത്തിക്കുന്ന ജീവനക്കാർക്കും അവാർഡുകൾ നൽകും.
നൂതന ഡിജിറ്റൽ സാങ്കേതികവിദ്യാ രംഗത്ത് ഭാവനാപൂർണമായ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരുന്നവർക്ക് സഹായവും പ്രോത്സാഹനവും നൽകാൻ ഒട്ടേറെ നടപടികളാണ് കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ സർക്കാർ നടപ്പാക്കുന്നത്. രാജ്യ്െതത ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് നമ്മുടെ സംസ്ഥാനത്തിലുള്ളത്. ഈ നൂതനാശയങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സർക്കാർ വകുപ്പുകളുടെ മികവ് ഉയർത്തലുമായി സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെടുത്തുന്നതിന് കെ-ഡിസ്‌കിന് കഴിഞ്ഞിട്ടുണ്ട്.
പുതുതായി പ്രവർത്തനമാരംഭിക്കുന്ന കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിലൂടെ പൊതുജനാരോഗ്യ സംരക്ഷണത്തിന് കൂടുതൽ വേഗതയിലുള്ള വികസന ഗവേഷണങ്ങളും ചലനാത്കമായ സംരംഭക വികസനവും സാധ്യമാകും. കാർഷികോത്പാദന രംഗത്ത് സുശക്തമായ വിപണിബന്ധം ഉണ്ടാക്കാൻ പുതുതായി ആരംഭിക്കുന്ന 'കേരള ഫുഡ് പ്ലാറ്റ്ഫോം' എന്ന പദ്ധതിയും ആപ്പും സഹായിക്കും. കാർഷികമേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ മൂല്യവർധനവിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ നടത്തുന്ന സർക്കാർ ഇടപെടലുകൾക്ക് ഈ പ്ലാറ്റ്ഫോം മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിൽ അടിസ്ഥാനപരമായ മാറ്റങ്ങളും എളുപ്പത്തിലുള്ള രോഗനിർണയവും ചികിത്സാ ഗവേഷണവുമാണ് കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആരോഗ്യരംഗത്ത് നിരവധി ഒന്നാംസ്ഥാനങ്ങൾ നമുക്കുണ്ട്. ഇതു നിലനിർത്താനും നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ചികിത്സ നൽകുന്നതിനും നമുക്ക് കഴിയണം. കേരളത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഗവേഷണങ്ങളും ഉപകരണങ്ങളുമായി രൂപപ്പെടേണ്ടതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ കെ. ശ്രീകുമാർ, വി.എസ്. ശിവകുമാർ എം.എൽ.എ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി  ഡോ: രാജൻ എൻ. ഘോബ്രഗഡേ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവർ സംബന്ധിച്ചു. കെ-ഡിസ്‌ക് ചെയർമാൻ ഡോ: കെ.എം. എബ്രഹാം റിപ്പോർട്ട്് അവതരിപ്പിച്ചു. കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തെക്കുറിച്ച് സ്പെഷ്യൽ ഓഫീസർ ഡോ. രാമചന്ദ്രൻ തെക്കേടത്ത് വിശദീകരിച്ചു. ആസൂത്രണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ: എ. ജയതിലക് സ്വാഗതവും കെ-ഡിസ്‌ക് സെക്രട്ടറി വി. അനിൽകുമാർ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ നടത്തുന്ന  പ്രവർത്തനങ്ങളുടെ പ്രദർശനവും മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സാങ്കേതിക സെഷനുകളും നടത്തി.
പി.എൻ.എക്സ്.349/2020

date