Skip to main content

പട്ടയം ഹൃദയത്തോട് ചേര്‍ത്ത് സഹധര്‍മ്മിണിയുടെ  ഓര്‍മയില്‍ മുഹമ്മദ് ഹനീഫ

നീണ്ട 57 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മന്ത്രി ഇ.ചന്ദ്രശേഖരനില്‍നിന്നും  പട്ടയം കൈപ്പറ്റിയപ്പോള്‍ കണ്ണങ്കര ചുട്ടിപ്പാറമുരുപ്പേല്‍ മുഹമ്മദ് ഹനീഫയ്ക്ക് സന്തോഷക്കണ്ണീര്‍... ഭാര്യ നസീമ ബീവിക്കൊപ്പം താമസിക്കാനൊരിടമില്ലാതെ മറ്റുള്ളവര്‍ ഉപേക്ഷിച്ച മണ്‍കട്ടകളും വെട്ടുകല്ലും  ഷീറ്റുകളുമൊക്കെ പെറുക്കി യോജിപ്പിച്ചാണ് മുറുക്കാന്‍ കടയ്ക്കു വേണ്ടി  നിര്‍മ്മിച്ച ഒരു ഷെഡ് ഫനീഫ വീടായി ഇന്നും ഉപയോഗിച്ചു പോരുന്നത്. പഴയ ട്രഷറി പൊളിച്ചു കളഞ്ഞപ്പോള്‍ കുറച്ചു വെട്ടുകല്ലുകള്‍ ലഭിച്ചതും ഹനീഫ തന്റെ വീടിന്റെ ഭാഗമാക്കിയിരുന്നതും ഇന്നും നന്ദിയോടു സ്മരിക്കുന്നു. തുച്ഛമായ സ്ഥലമാണെങ്കിലും അതിനൊരു പട്ടയം കിട്ടി വീടു പണിയുക എന്നത് ഭാര്യ നസീമ ബീവിയുടെ സ്വപ്നമായിരുന്നു. എന്നാല്‍ പട്ടയം എന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിച്ച് നസീമ ബീവി പത്തുവര്‍ഷം മുന്‍പ് മരണമടഞ്ഞു.

ഇപ്പോള്‍ പട്ടയമില്ലാത്ത വസ്തുവിലെ ഇരുളടഞ്ഞ കൂരയിലെ നാലു ചുവരുകള്‍ക്കുള്ളില്‍ മുഹമ്മദ് ഹനീഫയും രണ്ട് ആണ്‍മക്കളും അവരുടെ ഭാര്യമാരും പെണ്‍കുട്ടികള്‍സഹിതം നാലു കൊച്ചുമക്കളും അടങ്ങുന്ന കുടുബം നിന്നുതിരിയാന്‍ ഇടമില്ലാതെ വീര്‍പ്പുമുട്ടി കഴിയവേയാണ് പട്ടയം എന്ന പ്രകാശത്തിന് സര്‍ക്കാര്‍ തിരിതെളിച്ചത്. പട്ടയമില്ലാത്ത കാരണത്താല്‍ യാതൊരുവിധ ആനുകൂല്യങ്ങളും ഹനീഫയ്ക്ക് ഇതുവരെ ലഭിച്ചിരുന്നില്ല.  ഇനി എല്ലാത്തിനും പരിഹാരമാകും.

 

 

 

 

 

date