Skip to main content

പ്രവാസി പരാതി പരിഹാര കമ്മിറ്റി:  11 പരാതികളില്‍ തുടര്‍നടപടി

ജില്ലാതല പ്രവാസി പരാതി പരിഹാര കമ്മിറ്റിക്കു ലഭിച്ച 11 പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടി തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അലക്‌സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം ക്രിമിനല്‍ പശ്ചാത്തലമുള്ള കേസുകള്‍ പോലീസിനും കെട്ടിടവുമായി ബന്ധപ്പെട്ട പരാതികള്‍ മുന്‍സിപ്പാലിറ്റി/ പഞ്ചായത്തിനും വസ്തു സംബന്ധമായ പരാതികള്‍ ആര്‍ഡിഒയ്ക്കും തുടര്‍ നടപടിക്കായി നല്‍കി. വിദേശത്ത് ജോലിക്ക് പണം നല്‍കിയിട്ട് തൊഴില്‍ ലഭിച്ചില്ല, വീട്ടുജോലിക്ക് വിദേശത്ത് പോയ സ്ത്രീയെക്കുറിച്ച് ഏഴുമാസമായി വിവരമില്ല തുടങ്ങിയ പരാതികള്‍ ബന്ധപ്പെട്ട വകുപ്പിന്റെ റിപ്പോര്‍ട്ടിനായി അയച്ചു.
പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ പരിഗണനയ്ക്ക് പ്രധാനമായും വരുന്നത് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കുന്ന പരാതികളാണ്. ഈ പരാതികളാണ് ഓരോ മാസവും ചേരുന്ന പ്രവാസി പരാതി പരിഹാര കമ്മിറ്റി പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തുടര്‍നടപടിക്ക് അയയ്ക്കുന്നത്. പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗത്തില്‍ പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എസ്. സൈമ, നോര്‍ക്കാ റൂട്ട്‌സ് പ്രതിനിധി എ.ബി. അനീഷ്, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധി എച്ച്. അനു,  ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി സബ് ഇന്‍പെക്ടര്‍ അജിത്ത് കുമാര്‍, കമ്മിറ്റി അംഗങ്ങളായ പീറ്റര്‍ മാത്യു വല്ല്യത്ത്, സജി ജോണ്‍സണ്‍, സുധ രഞ്ജന്‍ എന്നിവര്‍ പങ്കെടുത്തു.

 

date