Skip to main content

വയോജന-ഭിന്നശേഷിക്കാരായ 17064 ശബരിമല തീര്‍ഥാടകര്‍ക്ക്  'സുദര്‍ശനം'' സാധ്യമാക്കി

വയോജന ഭിന്നശേഷി സൗഹൃദ ശബരിമലയ്ക്കായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും സഹകരണത്തോടെ  നടപ്പാക്കിയ സുദര്‍ശനം പദ്ധതിയിലൂടെ 17064 തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പമ്പയില്‍ സജ്ജീകരിച്ച പ്രത്യേക വിശ്രമ കേന്ദ്രത്തിന്റെ സേവനം 2970 തീര്‍ഥാടകര്‍ക്ക് ലഭിച്ചു. വയോജനങ്ങളും ഭിന്നശേഷിക്കാരുമായ 12413 തീര്‍ഥാടകര്‍ക്ക് മലകയറുന്നതിന് സുദര്‍ശനം പദ്ധതി മുഖേന നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം ലഭിച്ചു. മലകയറുന്നതിന് ഇടയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട 728 തീര്‍ഥാടകര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാന്‍ സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
ഭിന്നശേഷിക്കാരായ 915 തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് പ്രത്യേക പരിഗണന നല്‍കി ദര്‍ശനത്തിന് സഹായിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മലകയറാന്‍ ഡോളി സേവനം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്ത വയോജന-ഭിന്നശേഷിക്കരായ 36 തീര്‍ഥാടകര്‍ക്ക് സബ്സിഡി നിരക്കില്‍ ഡോളി സേവനം ലഭ്യമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പ്രായമായവരെയും ഭിന്നശേഷിക്കാരെയും സഹായിക്കുന്നതിന് പമ്പയിലും നിലയ്ക്കലും ദ്വിഭാഷികളുടെ  സേവനവും  24 മണിക്കൂറും സുദര്‍ശനം ഹെല്‍പ് ഡസ്‌കിന്റെ സഹായവും ലഭ്യമാക്കിയിരുന്നു.
തിരക്കിനിടയില്‍ കൂട്ടം തെറ്റിയ തമിഴ്നാട് സ്വദേശികളായ വൃദ്ധ മാതാക്കളെ സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തി ബന്ധുക്കളുടെ അടുത്തെത്തിച്ചത് ശ്രദ്ധ നേടിയിരുന്നു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍  എ.ഒ അബീന്റെ    നേതൃത്വത്തില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ്, കോന്നി സഹോദരന്‍ അയ്യപ്പന്‍ കോളജ് എന്നിവിടങ്ങളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 175 സന്നദ്ധപ്രവര്‍ത്തകര്‍ 40 ദിവസക്കാലം സുദര്‍ശനം പദ്ധതിയില്‍ സേവനം അനുഷ്ഠിച്ചു. വയോജനങ്ങളും ഭിന്നശേഷിക്കാരും എല്ലാ തലത്തിലും പ്രത്യേക ശ്രദ്ധയും സംരക്ഷണത്തിനും അര്‍ഹരാണെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കുന്നതിന് സുദര്‍ശനം പദ്ധതി സഹായകരമായെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമായി നിര്‍വഹിച്ച ജില്ലാ പ്രൊബേഷന്‍ ഓഫീസറെയും വിവിധ കോളജുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലെ സന്നദ്ധ പ്രവര്‍ത്തകരെയും ജില്ലാ കളക്ടര്‍ അഭിനന്ദനം അറിയിച്ചു. പദ്ധതി പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടം സാമൂഹ്യസേവന സര്‍ട്ടിഫിക്കറ്റ് നല്‍കും. ദേവസ്വം ബോര്‍ഡ്, ആരോഗ്യവകുപ്പ്, വനം വകുപ്പ്, പോലീസ് തുടങ്ങിയ വകുപ്പുകളുടെ പിന്തുണയോടു കൂടിയാണ് പദ്ധതി  നടപ്പാക്കിയത്.
 

date