Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള ഉള്‍പ്പെടുത്തി ദുരന്തനിവാരണ സേന രൂപീകരിക്കും; മന്ത്രി എ സി മൊയ്തീന്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള ഉള്‍പ്പെടുത്തി ദുരന്തനിവാരണ സേന രൂപീകരിക്കും; മന്ത്രി എ സി മൊയ്തീന്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിപണന കേന്ദ്രവും ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനവും ഐ എസ് ഒ പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ രണ്ട് പ്രളയത്തിന്റെ അനുഭവങ്ങളില്‍ നിന്നാണ് ഇത്തരം തീരുമാനമുണ്ടായത്. തദ്ദേശസ്വയംഭരണ ജനപ്രതിനിധികളാണ് പ്രളയ ദുരന്തമേഖലകളില്‍ ആദ്യം എത്തിപ്പെടുകയും ഫയര്‍ഫോഴ്‌സിനും പോാലീസിനും വിവരങ്ങള്‍ കൈമാറിയതും. അവരെ കൂടി ഉള്‍പ്പെടുത്തി ഒരു ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുകയാണ്. ഇവര്‍ക്കാവശ്യമായ പരിശീലനം ഫയര്‍ഫോഴ്‌സിന്റേയും പോലീസ് സേനയുടെയും നേതൃത്വത്തില്‍ നല്‍കും. വിരമിച്ച ഉദ്യോസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സ്വയം സഹായ ഗ്രൂപ്പാണ് കുടുംബശ്രീ. കുടുംബശ്രീ സംരംഭം രാജ്യത്തിന് മാതൃകയാണ്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണമാണ് കുടുംബശ്രീയിലൂടെ ലക്ഷ്യമിടുന്നത്. ഐ ടി, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ കുടുംബശ്രീ അംഗങ്ങള്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു. ആമസോണുമായി കുടുംബശ്രീ കരാറിലേര്‍പ്പെട്ട് ഓണ്‍ലൈന്‍ മേഖലയിലും എത്തിയിട്ടുണ്ട്.  പ്രളയകാലത്ത് പതിമൂന്നര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ നല്‍കി കഴിഞ്ഞു. നാളീകേര കൃഷി, ജൈവകൃഷി പ്രോത്സാഹനം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ. 

ഐ എസ് ഒ  സേവനമികവ് എന്നത് ജനങ്ങളുടെ സംതൃപ്തമായ മറുപടിയാണ. പഞ്ചായത്ത് രേഖകളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും വികസനത്തില്‍ എല്ലാവരും രാഷ്ട്രീയാതീതമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു 3,84,7000 രൂപ വിനിയോഗിച്ചാണ് കുടുംബശ്രീ വിപണനകേന്ദ്രം നിര്‍മ്മിച്ചത്. സംസ്ഥാന കുടുംബശ്രീ കലോത്സവത്തില്‍ സമ്മാനം നേടിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ മന്ത്രി നല്‍കി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി അധ്യക്ഷയായി. തിരുവള്ളൂര്‍.ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മോഹനന്‍, വൈസ് പ്രസിഡന്റ് ടി വി സഫീറ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ബാലന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കെ ലിസിത, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി സി കവിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തിരുവള്ളൂര്‍ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

ബാലികാദിനാചരണം നടത്തി

ദേശീയ ബാലികാദിനാചരണത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ ശൈശവ വിവാഹ നിരോധനം മുഖ്യവിഷയമാക്കി പരിപാടികള്‍ സംഘടിപ്പിച്ചു. കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. 

കുട്ടികളെ ചൂഷണം ചെയ്യാനുള്ള പ്രവണതകളെ ശക്തമായി ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കുട്ടികള്‍ വളരണം. സത്രീകള്‍ നാടിനെ നിലനിര്‍ത്തുന്ന മഹാശക്തിയാണെും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ബീന രാജന്‍ അധ്യക്ഷത വഹിച്ചു. കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എ രമ, ഹെഡ്മിസ്ട്രസ്സ് ഷാദിയ ബാനു, പി.ടി.എ പ്രസിഡന്റ് നജീബ് മാളിയേക്കല്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ വി പുഷ്പ, ശിശുവികസന പദ്ധതി ഓഫീസര്‍ പി.റ്റി സുഷ, സ്‌കൂള്‍ കൗണ്‍സിലര്‍ കെ.ടി രഞ്ജിത, വിദ്യാര്‍ത്ഥി പ്രതിനിധി കൃഷ്ണപ്രിയ, ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അനിറ്റ എസ് ലിന്‍,  ജില്ലാ വനിത ശിശുവികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ടി എം സുനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ശൈശവ വിവാഹ നിരോധന നിയമം എന്ന വിഷയത്തില്‍ സബ് ജഡ്ജ് കെ.വി ഉണ്ണികൃഷ്ണനും ശൈശവ വിവാഹം നടത്തുമ്പോള്‍ നഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ അവകാശം, വികസനത്തിന്റെ അവകാശം, സുരക്ഷയ്ക്കുളള അവകാശം എന്നി വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഫ്സലും ബോധവത്ക്കരണ ക്ലാസെടുത്തു.

മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് 

കണ്ണൂര്‍ ഡി.പി.ഡി.ഓഫീസിന്റെ നേതൃത്വത്തില്‍ ജനുവരി 31 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കാസറഗോഡ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് നടത്തും. ഡി.പി.ഡി.ഓ യില്‍ നിന്നോ ബാങ്കില്‍ നിന്നോ ഡിഫന്‍സ് പെന്‍ഷനോ ഫാമിലി പെന്‍ഷനോ വാങ്ങുന്നവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് പരിഹാരം കാണാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0497 2764070.

ഇന്ത്യ സ്‌കില്‍സ് കേരള ഫൈനല്‍ മത്സരം; യോഗം 28 ന് 

സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാവസായിക പരിശീലന വകുപ്പും സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും സംയുക്തമായി സ്‌കില്‍ കേരളയുടെ സംസ്ഥാന മത്സരങ്ങള്‍ കോഴിക്കോട് നടത്തുന്നു. മേളയുമായി ബന്ധപ്പെട്ട കൂടിയാലോചന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 28ന് വൈകീട്ട് നാല് മണിക്ക് നടക്കും. ഫെബ്രുവരി 22 മുതല്‍ 24 വരെ സ്വപ്‌നനഗരിയിലാണ് മത്സരങ്ങള്‍ നടക്കുക. 

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിന്റെയും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിന്റെയും ജില്ലാ തല ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ സാംബശിവ റാവു പരിപാടി ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും. പരിപാടിയില്‍ മുഴുവന്‍ ഏജന്റുമാരും വില്‍പ്പനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ കെപി ജമീല അറിയിച്ചു.

പട്ടികജാതി പ്രൊമോട്ടര്‍ നിയമനം 

പട്ടികജാതി വികസന വകുപ്പില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രൊമോട്ടറായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി ഏഴിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.  കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍:  04952370379,2370657    

ജില്ലാ വികസന സമിതി 25 ന്

ജില്ലാ വികസന സമതി യോഗം ഇന്ന് (ജനുവരി 25)രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

മേട്രന്‍ നിയമനം 

സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന് കീഴില്‍ കോവൂര്‍ ഇരിങ്ങാടന്‍ പള്ളി റോഡിന് സമീപമുളള വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ മേട്രന്റെ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. 11 മാസത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 12000 രൂപ. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 20 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിചയം അഭികാമ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ന് വൈകീട്ട് അഞ്ച് മണി. അപേക്ഷ ഫോം ചക്കോരത്തുകുളത്തുള്ള ഹൗസിങ് ബോര്‍ഡിന്റെ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0495 2369545.

date