Skip to main content

നവീകരിച്ച മുനിസിപ്പല്‍ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

 

വടകര നഗരസഭയിലെ നവീകരിച്ച പാര്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നാടിന് സമര്‍പ്പിച്ചു. പാര്‍ക്കുകള്‍ ഉള്‍പ്പെടെ നഗരങ്ങളിലെ മറ്റിടങ്ങളും മാലിന്യമില്ലാതെ നിലനിര്‍ത്താന്‍ പൊതു ജനങ്ങളും ബോധവാന്‍മാരാകണം.  പൊതുമുതലുകള്‍ സ്വന്തം മുതലു പോലെ കാത്തു സൂക്ഷിക്കണം ഭാവിതലമുറയ്ക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ പൊതുമുതല്‍ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു കോടി പത്ത് ലക്ഷം രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാര്‍ക്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചത്. മിനി ഓഡിറ്റോറിയം, ഓപ്പണ്‍ സ്റ്റേജ്, കുട്ടികളുടെ പാര്‍ക്ക്, സ്‌നാക്‌സ് പാര്‍ലര്‍ എന്നിവയും പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. പാര്‍ക്കിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ യുഎല്‍ സി സി എസിനുളള ഉപഹാരം മന്ത്രി ചടങ്ങില്‍ നല്ലി. എം.എല്‍.എ സി.കെ നാണു അധ്യക്ഷനായി. വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.അരവിന്ദാക്ഷന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സഫിയ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി അശോകന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപാലന്‍ മാസ്റ്റര്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. അസി .എക്‌സി എഞ്ചിനീയര്‍ സബിത എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു

വനിതാകമ്മീഷന്‍ മെഗാഅദാലത്ത് 76 കേസ് പരിഗണിച്ചു

വനിതാകമ്മീഷന്‍ മെഗാഅദാലത്തില്‍ 76 കേസ് പരിഗണിച്ചതില്‍ 26 പരാതി പരിഹരിച്ചു. അഞ്ച് പരാതിയില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി സമര്‍പ്പിച്ചു. 45 കേസ് അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാകമ്മീഷന്‍ അംഗം അഡ്വ.എം.എസ് താര, വനിതാകമ്മീഷന്‍ എസ്.ഐ രമ.എല്‍ തുടങ്ങിയവര്‍ ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ പങ്കെടുത്തു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള വിഷയങ്ങളാണ് അധികവും കമ്മീഷന് മുന്നില്‍ എത്തിയത്. രക്ഷിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വത്ത് വീതം വെക്കുന്നതില്‍ കൃത്യമായ രേഖ തയ്യാറാക്കി വെക്കണം. സ്വത്ത് വിഷയത്തില്‍ സഹോദരിയുടെ വീട് കത്തിച്ചു എന്ന പരാതി കമ്മീഷന് മുന്നില്‍ എത്തി. പോലീസിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ സമയബന്ധിതമായ ഇടപെടല്‍ ഉണ്ടാവണം. പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുമ്പോള്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുണമെന്നും പരാതി നല്‍കി കഴിഞ്ഞാല്‍ രസീത് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. കേരളത്തിന് പുറത്തേക്ക് കുട്ടികളെ തുടര്‍ വിദ്യാഭ്യാസത്തിനായി അയക്കുമ്പോള്‍ സ്ഥാപനത്തിന് അംഗീകാരമുള്ളതാണോ എന്ന് പരിശോധിക്കണം. ഇത്തരത്തില്‍ തട്ടിപ്പിനനിരയായ കേസും കമ്മീഷന് മുന്നില്‍ എത്തി. ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണം. മാനസിക അസ്വാസ്ഥ്യം മറച്ചുവച്ചുകൊണ്ട് വിവാഹം കഴിക്കുന്ന അവസ്ഥകളുണ്ട്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി കേസാണ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃത്യമായ ഇടപെടല്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ഈ വിഷയത്തില്‍ ഉണ്ടാവണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

മന്ത്രിമാര്‍ അന്ത്യോപചാരമര്‍പ്പിച്ചു

നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്തിന്റേയും ഭാര്യഇന്ദുലക്ഷ്മിയുടേയും മകന്‍ വൈഷ്ണവിനേറെയും മൃതദേഹത്തില്‍  മന്ത്രിമാരായ എ സി മൊയ്തീന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍  അന്ത്യോപചാരമര്‍പ്പിച്ചു. എം കെ .രാഘവന്‍ എം പി, മേയര്‍ തോട്ടത്തി രവീന്ദ്രന്‍, ജില്ലാകലക്ടര്‍ എസ്. സാംബശിവ റാവു, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ മൊകവൂരിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചക്ക് 12.30 ഓടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് മൊകവൂരിലെ വീട്ടിലെത്തിച്ചത്.

പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡിന് അഞ്ച് കോടിയുടെ ഭരണാനുമതി

പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡിന് അഞ്ച്് കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് നിന്ന് പനത്തുതാഴം സി.ഡബ്ല്യു.ആര്‍.ഡി.എം ബൈപ്പാസ് വഴി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകരമായ ഈ റോഡ് മില്‍മയുടെ സമീപത്തു കൂടിയാണ് കടന്നുപോകുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് വഴി കുന്ദമംഗലം ടൗണില്‍ ബന്ധപ്പെടാതെ കട്ടാങ്ങല്‍, മുക്കം ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. പെരുവഴിക്കടവ് പാലവുമായി ബന്ധിപ്പിക്കുന്ന റോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ കുന്ദമംഗലം ഗവണ്‍മെന്റ് കോളേജിലേക്കും എന്‍.ഐ.ടിയിലേക്കും കോഴിക്കോട് ഭാഗത്തു നിന്നുളള എളുപ്പമാര്‍ഗ്ഗമാണ്. 

ദേശീയ യുവജനദിനം ഇന്ന് 

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെയും  ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ ദേശീയ യുവജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 25) രാവിലെ 9.30 ന് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. സബ് കലക്ടര്‍ പ്രിയങ്ക ജി ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അധ്യക്ഷത വഹിക്കും. ജില്ലാ ടി.ബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ പി.പി പ്രമോദ് കുമാര്‍, ജില്ലാ എഡ്യുക്കേഷന്‍ മാസ് മീഡിയ ഓഫീസര്‍ മണി എം.പി, ജെ.ഡി.ടി ഇസ്ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സി.എച്ച് ജയശ്രീ, തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കിറ്റ്, വടംവലി മത്സരവും നടത്തും. ജെ.ഡി.ടി കോളേജ് വിദ്യാര്‍ഥികളുടെ നേതത്വത്തില്‍ ഫ്‌ളാഷ് 

ഗതാഗത നിയന്ത്രണം

ആരാമ്പ്രം-കാഞ്ഞിരമുക്ക് റോഡ് കി.മീ 0/000 മുതല്‍ 7/500 വരെ അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക്/ഓട നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് ഇന്ന് മുതല്‍ (ജനുവരി 24) പ്രവൃത്തി തീരുന്നതുവരെ ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ആരാമ്പ്രത്ത് നിന്നും കാഞ്ഞിരമുക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആരാമ്പ്രം-നരിക്കുനി-പന്നൂര് റോഡ് വഴിയോ അല്ലെങ്കില്‍ ആരാമ്പ്രം-നരിക്കുനി-കാഞ്ഞിരമുക്ക് റോഡ് വഴിയോ, തിരിച്ചും പോകേണ്ടതാണ്.
കൊടുവള്ളി നിന്നും കാഞ്ഞിരമുക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊടുവള്ളി-നരിക്കുനി-പന്നൂര് റോഡ് വഴിയോ അല്ലെങ്കില്‍ കൊടുവള്ളി-നരിക്കുനി-കാഞ്ഞിരമുക്ക് റോഡ് വഴിയോ പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

കോട്ടമ്മല്‍- പന്നിക്കോട് റോഡില്‍ (കി.മീ 0/000 - 1/500) പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 25)മുതല്‍ പ്രവൃത്തി തീരുന്നതു വരെ കൊടിയത്തൂര്‍ ഭാഗത്തു നിന്നും പന്നിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടിയത്തൂരില്‍ നിന്നും തിരിഞ്ഞ് ചുള്ളിക്കാപ്പറമ്പ് വഴിയും തിരിച്ചും പന്നിക്കോട് ഭാഗത്തു നിന്നും കൊടിയത്തൂര്‍ മുക്കം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ ചുള്ളിക്കാപ്പറമ്പ് വഴിയോ നെല്ലിക്കാപ്പറമ്പ് വഴിയോ പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

മണാശ്ശേരി-കൂളിമാട് റോഡില്‍ (കി.മീ 3/300- 6/100) പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 25)മുതല്‍ പ്രവൃത്തി തീരുന്നതു വരെ മണാശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാവൂര്‍ ജംഗ്ഷനില്‍ നിന്നും ചൂലൂര്‍ - കട്ടാങ്ങല്‍ വഴിയും, കൂളിമാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുല്‍പ്പറമ്പ് ജംഗ്ഷനില്‍ നിന്നും തെയ്യത്തും കടവ്- കൊടിയത്തൂര്‍- ചുള്ളിക്കാപ്പറമ്പ് വഴിയും പുല്‍പ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൂളിമാട് ജംഗ്ഷനില്‍ നിന്നും ചുള്ളിക്കാപ്പറമ്പ് -കൊടിയത്തൂര്‍- തെയ്യത്തും കടവ് വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date