Skip to main content

ജനകീയ പദ്ധതികളുമായി തിരുവനന്തപുരം നഗരസഭ

 

* സുരക്ഷിത കുടിവെള്ളത്തിനായി 'സുജലം സുഭലം' പദ്ധതി
* മേയറെ നേരിട്ട് പരാതി അറിയിക്കാന്‍ സൗകര്യം

    കുടിവെള്ളം, മാലിന്യ സംസ്‌കരണം, ഭക്ഷ്യസുരക്ഷാ രംഗങ്ങളില്‍ മാതൃകാ പദ്ധതികളുമായി തിരുവനന്തപുരം നഗരസഭ. നഗരസഭാ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ദുരുപയോഗം തടയുന്നതിനും 'സുജലം സുഭലം' പദ്ധതി നടപ്പാക്കും. ഇതോടൊപ്പം സെപ്റ്റേജ് മാലിന്യ ശേഖരണത്തിന് നഗരസഭയുടെ പുത്തന്‍ ശേഖരണ സംവിധാനം, നഗരപരിധിയില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന മുഴുവന്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ആരോഗ്യ പരിശോധനയും പരിശീലനവും നല്‍കി ലൈസന്‍സ് അനുവദിക്കുന്ന സുഭോജനം എന്നീ പദ്ധതികള്‍ ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കുന്നതിന് പരാതി പരിഹാര സെല്‍ നഗരസഭയില്‍ ആരംഭിക്കും. പരാതികള്‍ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും കണ്‍ട്രോള്‍ റൂമും തുടങ്ങും. നഗരസഭാ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ സഹായിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്ക്, നഗരസഭാ ഓഫീസില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി പഞ്ചിംഗ്, ക്യാമറ സംവിധാനങ്ങളും ഉടന്‍ ആരംഭിക്കുമെന്നും മേയര്‍ പറഞ്ഞു. പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 28ന് രാവിലെ 10.30ന് മന്ത്രിമാരായ എ.സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. 

    നഗരസഭ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെട്ട വിവിധ പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പെര്‍മിറ്റ് അടക്കമുള്ള പരാതികള്‍ നേരിട്ടു പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ജനുവരി 30ന് നഗരസഭയില്‍ അദാലത്ത് നടത്തുമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
(പി.ആര്‍.പി. 62/2020)

date