Skip to main content

നഗരസഭകൾ മാലിന്യ നിർമാർജ്ജനത്തിന് പ്രാധാന്യം നൽകണം

നഗരസഭകൾ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് നഗരകാര്യ വകുപ്പ് കുന്നംകുളത്ത് നടത്തിയ നഗരസഭകളുടെ മധ്യമേഖലാതല അവലോകന യോഗം അഭിപ്രായപ്പെട്ടു. തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ നഗരസഭ സെക്രട്ടറിമാർക്കും റീജ്യണൽ ജോയിന്റ് ഡയറക്ടർ ഓഫീസ് ജീവനക്കാർക്കുമായാണ് കുന്നംകുളത്ത് അവലോകന യോഗം നടത്തിയത്.
നഗരസഭകൾ പ്ലാസ്റ്റിക് മുക്ത കേന്ദ്രങ്ങളാക്കുക, നഗരസഭകളിൽ ഫ്ളക്സ് ഉപയോഗം നിരോധിക്കുക, പൊതുസ്ഥല മാലിന്യം കർശനമായി നിരോധിക്കുക എന്നിവയ്ക്കുള്ള പോംവഴികളും ചർച്ചയിൽ ഉരുത്തിരിഞ്ഞു.
പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതികൾ യഥാസമയം നടപ്പിലാക്കാനും ജീവനക്കാർക്ക് നിർദ്ദേശം നൽകി.
അവലോകന യോഗം കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ റീജ്യണൽ ഡയറക്ടർ ആർ എസ് അനു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ മുരളി, സുമ ഗംഗാധരൻ, ഗീതാ ശശി, കെ കെ ആനന്ദൻ, സെക്രട്ടറി കെ കെ മനോജ്, ഹെൽത്ത് സൂപ്പർവൈസർ ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് നാലു ജില്ലകളിലെ നഗരസഭ സെക്രട്ടറിമാർ കുന്നംകുളം നഗരസഭയിലെ മാലിന്യ സംസ്‌കരണ കേന്ദ്രം, പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രം എന്നിവ സന്ദർശിച്ച് വിവരങ്ങൾ മനസ്സിലാക്കി. ഇൻഫർമേഷൻ കേരള മിഷൻ തൃശൂർ, പാലക്കാട് ജില്ലാ കോർഡിനേറ്റർ വി മനോജ്കുമാർ ജൈവ വള ഉല്പാദന കേന്ദ്രത്തിലെയും പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രത്തിലെയും നൂതന പ്രവർത്തനങ്ങൾ വിശദീകരിച്ചു.

date