Skip to main content

ഉൾനാടൻ മത്സ്യഭവൻ സംസ്ഥാന തല ഉദ്ഘാടനം നടത്തി മത്സ്യസമ്പത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കും: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

മത്സ്യസമ്പത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മത്സ്യവിഭവ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചാലക്കുടിയിൽ ഉൾനാടൻ മത്സ്യഭവൻ സംസ്ഥാന തല ഉദ്ഘാടനവും മത്സ്യ കർഷക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ ആഭ്യന്തര മത്സ്യ ഉപഭോഗം 7.5 ലക്ഷം മെട്രിക് ടണ്ണാണ്. ഇതിൽ രണ്ട് ലക്ഷം ടൺ മത്സ്യം നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത്. ഇതിൽ മാരകവിഷ പദാർഥങ്ങൾ കലർത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ സിഫ്റ്റ് ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ മത്സ്യങ്ങളിലെ വിഷസാന്നിധ്യം തൽസമയം മനസിലാക്കാൻ കഴിയുന്ന കിറ്റ് വികസിപ്പിച്ചെടുക്കുകയും മത്സ്യ മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. മത്സ്യോത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എം.എഫ്.ആർ ആക്ടിലും ചട്ടങ്ങളിലും കാലോചിത മാറ്റങ്ങൾ വരുത്തി കേരളതീരത്ത് സുലഭമായ 58 ഇനം മത്സ്യങ്ങൾക്ക് മിനിമം ലീഗൽ സൈസ് ഏർപ്പെടുത്തി. അതിന്റെ ഫലമായി കടൽ മത്സ്യോൽപാദനം 2015ലെ 4.82 ലക്ഷം മെട്രിക് ടണ്ണിൽ നിന്നും 2018ൽ 6.42 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചിട്ടുണ്ട്.
അഷ്ടമുടി, വേമ്പനാട് കായലുകളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന് കരിമീൻ പ്രജനന കേന്ദ്രങ്ങൾ, കക്ക പ്രജനന സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കൽ, കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കൽ, മത്സ്യ/ചെമ്മീൻ വിത്ത് നിക്ഷേപം തുടങ്ങിയ പരിസ്ഥിതി സൗഹാർദ്ദ പദ്ധതികൾ നടപ്പാക്കി വരുന്നു. ഇതിനായി 343 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മറ്റ് പൊതു ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി 2015 ലക്ഷം രൂപ ചെലവഴിച്ച് മത്സ്യ/ ചെമ്മീൻ വിത്ത് നിക്ഷേപിക്കുന്നതിനുളള നടപടികൾ പുരോഗമിച്ച് വരുന്നു. എല്ലായിടത്തും കായൽ പട്രോളിംഗ് സംവിധാനം ശക്തമാക്കിയിട്ടുണ്ട്.
ജനകീയ മത്സ്യക്യഷിയുടെ ഭാഗമായി 9800 ഹെക്ടർ പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും കൃഷിയും, 2600 ഹെക്ടറിൽ ചെമ്മീൻ കൃഷിയും 5700 ഹെക്ടർ കുളങ്ങളിൽ മറ്റു മത്സ്യകൃഷി രീതികളും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ 1800 കൂട് മത്സ്യക്യഷി യൂണിറ്റുകളും, 500 റീ-സർക്കുലേറ്ററി അക്വാകൾച്ചർ യൂണിറ്റുകളും, 1000 പടുതക്കുളങ്ങളിലെ മത്സ്യകൃഷി യൂണിറ്റുകളും, 3500 കല്ലുമ്മക്കായ കൃഷി യൂണിറ്റുകളും സ്ഥാപിച്ച് മത്സ്യകൃഷി നടപ്പിലാക്കി വരുന്നു.
മത്സ്യ രോഗ നിയന്ത്രണത്തിനും നിരോധിത ആന്റി ബയോട്ടിക്കുകളുടെ ഉപായാഗം ഒഴിവാക്കുന്നതിനും എറണാകുളം ജില്ലയിൽ തേവരയിൽ ഒരു സംസ്ഥാന അക്വാട്ടിക് ആനിമെൽ ഹെൽത്ത് സെന്ററും, ഓടയം, പന്നി വലിച്ചിറ, കോട്ടയം പളം, അഴീക്കോട്, നിറമരുതൂർ, മലമ്പുഴ, കോഴിക്കോട് വെസ്റ്റ് ഹിൽ, കണ്ണൂർ എന്നിവിടങ്ങളിലായി പ്രാദേശിക അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററും ഉൾപ്പെടെ 10 എണ്ണം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം കൊല്ലം ആസ്ഥാനമായി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
48 മത്സ്യഭവനുകളിലായി ഭരണനിർവ്വഹണം വികേന്ദ്രീകരിച്ചു. ഉൾനാടൻ മേഖലയിൽ കാട്ടാക്കട, കുളത്തുപ്പുഴ, തേവലക്കര, പത്തനംതിട്ട, തിരുവല്ല, ചാലക്കുടി, പീച്ചി, നെടുങ്കണ്ടം, ഇടുക്കി, നിലമ്പൂർ, താമരശ്ശേരി, ചുളളിയാർ, ആലത്തൂർ, മണ്ണാർക്കാട്, കാരാപ്പുഴ, തളിപ്പുഴ എന്നിവിടങ്ങളിലായി പുതുതായി 16 മത്സ്യഭവനുകൾ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ മത്സ്യകൃഷിക്ക് 12 കോടി മത്സ്യവിത്ത് ആവശ്യമാണ്. മത്സ്യവിത്തുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നെയ്യാർ, കുളത്തുപ്പുഴ, വെസ്റ്റ് കല്ലട, പീച്ചി, തളിപ്പുഴ, കാരാപ്പുഴ എന്നിവിടങ്ങളിൽ പുതിയ കാർപ്പ് ഹാച്ചറികൾ സ്ഥാപിച്ചു. കൂടാതെ പോളച്ചിറ, കോട്ടയം പള്ളം, മീങ്കര, കല്ലനോട് എന്നീ കാർപ്പ് ഹാച്ചറികളിലെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് ഉൽപാദന ശേഷി വർദ്ധിപ്പിച്ചു. ഇത് വഴി സർക്കാർ ഹാച്ചറികളിലെ മത്സ്യവിത്തുല്പാദനം രണ്ടു കോടിയിൽ നിന്നും അഞ്ച് കോടിയായി വർധിച്ചിട്ടുണ്ട്. അടുത്ത സീസണിൽ ഇത് എട്ടു കോടിയായി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറിലും പത്തനംതിട്ട ജില്ലയിലെ പന്നി വേലിച്ചിറയിലും 50 ലക്ഷം വീതം ഉൽപാദന ശേഷിയുളള ഓരോ ഗിഫ്റ്റ് ഹാച്ചറികളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇതിനു പുറമെ തൃശൂർ ജില്ലയിലെ അഴീക്കോട് 10 ലക്ഷം ഉല്പാദന ശേഷിയുളള ഹാച്ചറിയുടെ നിർമ്മാണവും പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാന മത്സ്യ വിത്ത് കേന്ദ്രം ലോഗോ മന്ത്രി പ്രകാശനം ചെയ്തു. മലക്കപ്പാറയിലെ ഉൾനാടൻ മത്സ്യതൊഴിലാളി ദിവാകരൻ മുങ്ങി മരിച്ചതിനെ തുടർന്ന് കേരള മത്സ്യതൊഴിലാളി ക്ഷേമ നിധി ബോർഡ് നൽകുന്ന അപകട ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ ഭാര്യ അനിതക്ക് മന്ത്രി നൽകി. സംസ്ഥാന തലത്തിൽ മത്സ്യകൃഷിയിൽ മികച്ച നേട്ടം കൈവരിച്ചവരെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു.
ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷനായി. ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു എന്നിവർ മുഖ്യാതിഥികളായി.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി ആർ പ്രസാദ്, തങ്കമ്മ വർഗീസ്, തോമസ് കണ്ണത്ത്, പി.പി. ബാബു, ചാലക്കുടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ വിത്സൺ പാണാട്ടുപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല എന്നിവർ സംസാരിച്ചു. ജനകീയ മത്സ്യകൃഷി സ്‌പെഷ്യൽ ഓഫീസർ ഇഗ്നേഷ്യസ് മാൺഡ്രോ റിപ്പോർട്ട് അവതരിപ്പിച്ചു. ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേശപതി സ്വാഗതവും ഫിഷറീസ് അഡീഷണൽ ഡയറക്ടർ ആർ സന്ധ്യ നന്ദിയും പറഞ്ഞു.

date