Skip to main content

ഓപ്പറേഷൻ ബ്രേക് ത്രൂ - റെയില്‍ മേഖലകളിലെ കുരുക്കഴിക്കാന്‍ തീവ്രയത്നം

 

കാക്കനാട് - കൊച്ചി നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള തീവ്രയത്ന പരിപാടിയായ ഓപ്പറേഷന്‍ ബ്രേക് ത്രൂ റെയില്‍ മേഖലയിലേക്ക്. റെയില്‍പാളങ്ങളോട് ചേര്‍ന്ന് വെള്ളക്കെട്ടുണ്ടാകുന്ന മേഖലകളില്‍ സമഗ്ര പ്രശ്ന പരിഹാരമാണ് ജില്ലാ കളക്ടര്‍ എസ്. സുഹാസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക കര്‍മസേന ലക്ഷ്യമിട്ടിരിക്കുന്നത്. കാനകളുടെ ശുചീകരണം, ആവശ്യമുള്ള സ്ഥലങ്ങളില്‍ പുതിയ കാനകള്‍ സ്ഥാപിക്കല്‍, നിലവിലുള്ള ജലനിര്‍ഗമന മാര്‍ഗങ്ങള്‍ വിപുലീകരിക്കല്‍ എന്നിവയെല്ലാം ഈ മേഖലകളില്‍ നടപ്പാക്കും.

 

ഇന്നലെ വിവിധ സ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്‍റെ നേതൃത്വത്തില്‍ റവന്യൂ, റെയില്‍വെ അധികൃതര്‍ സംയുക്ത പരിശോധന നടത്തി പ്രാഥമിക നടപടികള്‍ക്ക് രൂപം നല്‍കി. പദ്ധതിയില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള കാനകള്‍ കടന്നു പോകുന്ന റെയില്‍വെയുടെ കൈവശത്തിലുള്ള മേഖലകളിലായിരുന്നു പരിശോധന.

 

ഹൈക്കോടതിക്ക് പിന്നില്‍ മത്തായി മാഞ്ഞൂരാൻ റോഡിനോടു ചേർന്ന് റെയിൽവേയുടെ സ്ഥലത്തു കൂടി കടന്നുപോകുന്ന തോടിന്റെ ആഴം കൂട്ടലും പുനഃനിർമാണവും നടപ്പാക്കും. ചിറ്റൂർ റോഡ്, അയ്യപ്പൻകാവ് ഭാഗത്തു നിന്നും വരുന്ന കാനകളും കണ്ണച്ചൻ തോട് ഉൾപ്പെടെയുള്ള തോടുകളും കായലിലേക്ക് ചേരുന്നതിനു മുമ്പുള്ള പ്രധാന തോടാണിത്. ഇവിടെ ജലമൊഴുക്ക് സുഗമമാക്കിയാല്‍ ഹൈക്കോടതി ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാനാകും. 

 

കമ്മട്ടിപ്പാടം പ്രദേശത്ത് റെയിൽവേ ട്രയാംഗിളിനോടു ചേർന്ന് കാന പുനഃനിർമിച്ച് സ്ലാബിടുന്നതിനും നടപടിയായിട്ടുണ്ട്. രവിപുരം ഭാഗത്ത് മാണിക്കത്ത് റോഡ്, അംബികാ പുരം പള്ളി, പെരുമാനൂര്‍ പ്രദേശങ്ങളിൽ കാന, കല്‍വെര്‍ട്ട് വിപുലീകരണം പൂര്‍ത്തിയാക്കേണ്ട പ്രദേശങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. സെന്‍റ് വിന്‍സന്‍റ് റോഡിലും കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി. നോഡൽ ഓഫീസർ എസ്.ഷാജഹാൻ, സാങ്കേതിക സമിതി കൺവീനർ എച്ച്. ടൈറ്റസ് തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

date