Skip to main content

പുനർഗേഹം പദ്ധതി : ഇടംപിടിക്കാനാകാത്തവർക്ക് ഇനിയും അവസരം

ജില്ലയിലെ തീരദേശ മേഖലയിലെ കുടുംബങ്ങളുടെ പുനരധിവസിപ്പിക്കുന്നതിനുളള ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക ജില്ലാതല അപ്രൂവൽ കമ്മിറ്റി ചെയർമാനായ കളക്ടർ അംഗീകരിക്കുകയും കൂടുതൽപേരെ ഇനിയും ചേർക്കാമെന്നും അറിയിക്കുകയും ചെയ്തതോടെ കടലിന്റെ മക്കൾ പ്രതീക്ഷയിലാണ്.
തീരദേശ മേഖലയുടെ 50 മീറ്റർ പരിധിയിൽ താമസിക്കുന്നവരെയും ഇനിയും പട്ടികയിൽ ഉൾപ്പെടാത്തവരെയും ഗുണഭോക്ത്യ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിക്കുകയായിരുന്നു.
തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് പുനർഗേഹം. ഗുണഭോക്താക്കൾ ഒരുമിച്ച് റസിഡന്റ് ഗ്രൂപ്പായി ഭൂമി വാങ്ങി വീട് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തി പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് കളക്ടർ പറഞ്ഞു.
ഈ പദ്ധതി പ്രകാരം ജില്ലയിൽ നിന്ന് 581 ഗുണഭോക്തക്കാൾ പദ്ധതിയുടെ സർവ്വേ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ ഗുണഭോക്താവിനും പത്ത് ലക്ഷം രൂപ പദ്ധതി സഹായം നൽക്കും. സംസ്ഥാനത്തെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കും. 2450 കോടിയുടെ ബൃഹദ് പദ്ധതിയാണ് പുനർഗേഹം. പദ്ധതിയ്ക്കായി 1398 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ബാക്കി 1052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
2019 -20 മുതൽ 2021-22 വരെയുള്ള മൂന്ന് വർഷ കാലയാളവിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ 8487 കുടുംബങ്ങളെയും രണ്ടും മൂന്നും ഘട്ടങ്ങളിൽ 5099 പേരെയും പുനരധിവസിപ്പിക്കും.

പുനരധിവാസത്തിനായി വ്യക്തിഗത വീട് നിർമ്മാണം, ഫ്ളാറ്റ് സമുച്ചയ നിർമ്മാണം എന്നീ രീതികൾ അനുവർത്തിക്കുവാൻ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
* പുനർഗേഹം പദ്ധതി നിർവ്വഹണത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ
ഗുണഭോക്താക്കൾ ആരൊക്കെ
1. തീരപ്രദേശത്തെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുളളിൽ അധിവസിക്കുന്ന എല്ലാ കുടുംബങ്ങളും
2. തുടർച്ചയായ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് മുൻഗണന
3. നിലവിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പുനരധിവാസ പദ്ധതികളിലെ ഗുണഭോക്താക്കളിൽ നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ളവരും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും ഒരേ വീട്ടിൽ വെവ്വേറെ റേഷൻ കാർഡുള്ള കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിൽ അവരെയും വ്യത്യസ്ത ഗുണഭോക്താക്കളായി പരിഗണിക്കും. എന്നാൽ ഭൂമിയുടെയും വീടിന്റെയും ഉടമയ്ക്കായിരിക്കും ആദ്യ പരിഗണന.
4. ഒരേ റേഷൻ കാർഡിൽ ഉൾപ്പെട്ടവരായാലും, അവർ വ്യത്യസ്ത കുടുംബങ്ങളായി സ്വന്തമായി വീട്ടില്ലത്തതു കൊണ്ടു മാത്രം, മാതാപിതാക്കളോടൊപ്പമോ അല്ലാതെയോ താമസിക്കുന്നവരേയും വ്യത്യസ്ത കുടുംബമായി പരിഗണിച്ച് ധനസഹായം നൽകും.

ഗുണഭോക്തൃ തെരഞ്ഞെടുപ്പ് രീതി

1. അപേക്ഷകന് തീരപ്രദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ സ്വന്തമായി വീട് ഉൾക്കൊളളണം. സ്ഥലത്തിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസർ സാക്ഷ്യപ്പെട്ടുത്തണം.
2 . മത്സ്യത്തൊഴിലാളി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് / ആധാർ കാർഡ്/ റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് അപേക്ഷയോടെപ്പം സമർപ്പിക്കേണ്ടതാണ്.
3. എസ് സി / എസ് ടി ഗുണഭോക്താക്കൾ ബന്ധപ്പെട്ട സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
4. ഇതര വിഭാഗത്തിലുൾപ്പെട്ട ഗുണഭോതാക്കൾ ആധാർ കാർഡ്/ റേഷൻ കാർഡിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം
5. അപേക്ഷകൻ 50 മീറ്ററിനുള്ളിൽ അല്ലാതെ ഭൂമിയില്ലെന്ന് നോട്ടറി പബ്ളിക് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കേണ്ടതാണ്.
6. ഗുണഭോക്താവിന് ഭൂമി വാങ്ങാനും/ ഭവന നിർമ്മാണത്തിനും 10 ലക്ഷം സഹായം ലഭിക്കും.

date