Skip to main content

ചാമക്കാല ഗവ.മാപ്പിള സ്‌കൂളിന് ഇനി പുതിയ ക്ലാസ് മുറികളും പാചകപ്പുരയും

ചാമക്കാല ഗവ.മാപ്പിള സ്‌കൂളിന് ഇനി പുതിയ ക്ലാസ് മുറികളും പാചകപ്പുരയും. സ്‌കൂൾ വാർഷികാഘോഷത്തോടൊപ്പം ഇവയുടെ ഉദ്ഘാടനവും സ്‌കൂൾ അങ്കണത്തിൽ ഗവ.ചീഫ് വിപ്പ്. കെ രാജൻ നിർവഹിച്ചു. പഠനത്തിൽ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുക എന്നതിനേക്കാൾ ഉപരിയായി ജീവിതത്തിൽ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുക എന്നതായിരിക്കണം പൊതു കലാലയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 45000 ക്ലാസ് മുറികൾ ഇതിനോടകം ഹൈടെക്കായി മാറിയെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ലാസ് മുറികൾ നിർമ്മിച്ചത്. 20 ലക്ഷമാണ് പദ്ധതിത്തുക. ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് പാചകപ്പുര പണിതത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. പുതുതായി നിർമ്മിച്ച പാചക പുരയുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയും നിർവ്വഹിച്ചു. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായി. പ്രിൻസിപ്പാൽ ആന്റോ. പി.പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, ജില്ലാ പഞ്ചായത്തംഗം ബി.ജി.വിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗം ലൈല മജീദ്, പഞ്ചായത്തംഗങ്ങളായ ഗീതാ മോഹൻദാസ്,
ഷെറീന ഹംസ, ഉമറുൽ ഫാറൂഖ്, കയ്പമംഗലം എസ്.ഐ പി.ജി.അനൂപ്, മതിലകം ബി.പി.ഒ ടി.എസ്.സജീവൻ, പി.ടി.എ.പ്രസിഡന്റ് പി.കെ.ഹംസ, പ്രധാനധ്യാപിക വി. ബീന ബേബി എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ കെ.എം.അബ്ദുൾ മജീദ്, ആർ.എ.സീനത്ത് എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.

date