Skip to main content

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്‍റെ സര്‍വ്വെ; ശരിയായ വിവരങ്ങള്‍ നല്‍കണം

 

 

ആലപ്പുഴ: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് (സ്റ്റാററിസ്റ്റിക്സ് വകുപ്പ്) സംസ്ഥാന വ്യാപകമായി നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിവിധ തരത്തിലുള്ള സര്‍വ്വെകള്‍ നടത്തുന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്സ് വകുപ്പിന് കീഴിലുള്ള ഈ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നഗര-ഗ്രാമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പാര്‍പ്പിടങ്ങളുടെയും,കെട്ടിടങ്ങളുടെയും പട്ടിക തയ്യാറാക്കി തെരഞ്ഞെടുക്കപ്പെടുന്ന വീടുകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ദേശീയ സാമ്പിള്‍ സര്‍വ്വെയുടെ ഭാഗമായി വിവരശേഖരണം നടത്തുന്നു. കാര്‍ഷിക സംബന്ധമായ വിവരങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍വ്വെ നമ്പരുകളില്‍ നിന്നും ഭൂമിയുടെ വിനിയോഗം, കാര്‍ഷിക വിളകളെ സംബന്ധിച്ച വിവരങ്ങള്‍, വിവിധ ഇനം കാര്‍ഷിക വിളകളുടെ ഉല്‍പ്പാദന ചെലവ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ മൊത്ത, ചില്ലറ വിലനിലവാരം, കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ വിലനിലവാരം, വ്യവസായ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനം, ഉല്‍പ്പാദന ചെലവ് എന്നിവയെ സംബന്ധിക്കുന്ന വിവരശേഖരണം, കര്‍ഷകന് കൃഷിയിടത്തില്‍ ലഭിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെയും, നിത്യോപയോഗ സാധനങ്ങളുടെയും മൊത്ത, ചില്ലറ വിലനിലവാരം, കര്‍ഷകത്തൊഴിലാളികളുടെ കൂലി സംബന്ധമായ വിലശേഖരണം. വിനോദ സഞ്ചാരികളുടെ സന്ദര്‍ശനത്തെ സംബന്ധിച്ച വിവരശേഖരണം തുടങ്ങിയ സര്‍വ്വെകള്‍ വകുപ്പ് നിരന്തരം നടത്തി വരികയാണ്. ഏതെങ്കിലും വ്യക്തിയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഇത്തരം സര്‍വ്വെകളിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതും മറ്റാര്‍ക്കും നല്‍കുന്നതുമല്ല. ഇത്തരം സര്‍വ്വെകളിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാരുകളുടെ വികസനോന്‍മുഖ ആസൂത്രണത്തിനും നയ രൂപീകരണത്തിനുമാണ് ഉപയോഗിക്കുന്നത്. വിവര ശേഖരണത്തിനായി വ്യക്തികളെയും സ്ഥാപനങ്ങളെയും സമീപിക്കുന്ന സാമ്പത്തിക സ്ഥിതവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കി നാടിന്‍റെ പുരോഗതിയില്‍ പങ്ക് ചേരണമെന്നും ഇത്തരം സര്‍വ്വെകള്‍ക്ക് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ 'പൗരത്വ ഭേദഗതി ബില്‍(സി.എ.എ), എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്ന് സാമ്പത്തിക സ്ഥിതിവിരക്കണക്ക് വകുപ്പ് ആലപ്പുഴ ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ശ്രീകുമാര്‍ അറിയിച്ചു.

 

 

date