Skip to main content
ഞങ്ങള്‍ സജ്ജം! ജെന്റില്‍ വുമണ്‍ പ്രതിരോധ പരിശീലന പരിപാടിക്കു തുടക്കമായി

ഞങ്ങള്‍ സജ്ജം! ജെന്റില്‍ വുമണ്‍ പ്രതിരോധ പരിശീലന പരിപാടിക്കു തുടക്കമായി

പിറകോട്ട് പോകേണ്ടവരല്ല, മുന്നില്‍ നിന്ന് പ്രതിരോധിക്കേണ്ടവരാണ് തങ്ങള്‍ എന്ന തിരിച്ചറിവുമായി ജെന്റില്‍ വുമണ്‍. ദിവസേന ഉയര്‍ന്നു വരുന്ന അതിക്രമങ്ങളെ  ചെറുത്തു തോല്‍പിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനായാണ് കല്യാശേരി പഞ്ചായത്തില്‍ ജെന്റില്‍ വുമണ്‍ പദ്ധതിക്കു തുടക്കമായത്. പദ്ധതിയുടെ ഉദ്ഘാടനം കല്യാശേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പോലീസ് മേധാവി ജി എച്ച്  യതീഷ് ചന്ദ്ര നിര്‍വഹിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് കല്യാശ്ശേരി പഞ്ചായത്തിലെ 10 വയസു മുതല്‍ 60 വയസു വരെയുള്ള സ്ത്രീകള്‍ക്ക് ജെന്റില്‍ വുമണ്‍ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ലഘുവായ സ്വയം  പ്രതിരോധ വിദ്യകള്‍ അഭ്യസിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും ധൈര്യവും വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കല്യാശ്ശേരി പഞ്ചായത്ത്,  കണ്ണൂര്‍ ജില്ലാ പോലീസ് സംയുക്തമായാണ് ജെന്റില്‍വുമണ്‍ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.  
കല്യാശ്ശേരി  പഞ്ചായത്ത് പ്രസിഡണ്ട്  ഇ  പി ഓമന അധ്യക്ഷനായി.  പരിപാടിയില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ശുചിത്വം- മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസും നടന്നു.
 

date