Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പാചകവാതക അദാലത്ത് 11 ന്
ജില്ലയിലെ പാചകവാതക വിതരണത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ഓയില്‍ കമ്പനി അധികൃതര്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതല പാചകവാതക അദാലത്ത് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അദാലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനാകും. പാചകവാതക വിതരണം സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികള്‍ (രണ്ട് കോപ്പി) ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സി സ്ഥിതി ചെയ്യുന്ന താലൂക്കിലെ സപ്ലൈ ഓഫീസില്‍ ഫെബ്രുവരി ഏഴ് വരെ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

കബഡി ടീം സെലക്ഷന്‍
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ജൂനിയര്‍ ആണ്‍/പെണ്‍ കബഡി ടീമുകളുടെ സെലക്ഷന്‍ ജനുവരി 31 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 2000 മാര്‍ച്ച് ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് പങ്കെടുക്കാം. ആണ്‍കുട്ടികള്‍ക്ക് 70 കിലോ ഗ്രാമും, പെണ്‍കുട്ടികള്‍ക്ക് 65 കിലോ ഗ്രാമുമാണ് ശരീര ഭാരപരിധി. താല്‍പര്യമുള്ളവര്‍ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം. ഫോണ്‍. 0497 2700485
 

 

മിഡ്‌നൈറ്റ് മാരത്തോണ്‍ വിജയികള്‍
ഐക്യത്തിന്റെ സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍   കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച മിഡ്‌നൈറ്റ് മാരത്തോണിന്റെ മൂന്നാമത്തെ എഡിഷന്‍ കലക്ടറേറ്റ് പരിസരത്ത് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകളടക്കം 600 ലധികം പേര്‍ മാരത്തോണില്‍ പങ്കാളികളായി.
പുരുഷന്മാരുടെ ടീമില്‍ എ എസ് ശ്രീരാജ്, വനിതാ വിഭാഗത്തില്‍ ജിസ്‌മോള്‍, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീമില്‍ കെ ആര്‍ സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കിയ ടീമുകള്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. ഗവണ്‍മെന്റ് വിഭാഗത്തില്‍ സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്നുള്ള ടീമില്‍ മൃഗസംരക്ഷണ വകുപ്പിലെ ആസിഫ് എം അഷ്‌റഫ്, പുരുഷ ടീമില്‍ ധര്‍മ്മശാല കെ എ പി ബറ്റാലിനിയനിലെ പിവി മിഥിലേഷ്, വനിത ടീമില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീം എന്നിവര്‍ നേതൃത്വം നല്‍കിയ ടീമുകള്‍ ഒന്നാം സ്ഥാനം നേടി.
വിജയികള്‍ക്കുള്ള സമ്മാനദാനവും മാരത്തോണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള മെഡല്‍ വിതരണവും കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി നിര്‍വ്വഹിച്ചു. മത്സരാര്‍ഥികള്‍ക്കുള്ള സൂംബ പരിശീലനത്തിന് ശ്രീജിത്ത് നേതൃത്വം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ  വിനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. രാജസ്ഥാനി സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും സരിഗമപധനിസ റിയാലിറ്റിഷോ ജേതാവുമായ മുഹമ്മദ് വകില്‍ അവതരിപ്പിച്ച മ്യൂസിക്ക് നൈറ്റും ഇതോടൊപ്പം ടൗണ്‍ സ്‌ക്വയറില്‍ അരങ്ങേറി.

 

ചാല്‍ ബീച്ചില്‍ കണ്ടല്‍പാര്‍ക്ക് ഒരുങ്ങുന്നു
ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാല്‍ ബീച്ചില്‍ അഞ്ചേക്കര്‍ സ്ഥലത്ത് കണ്ടല്‍ നട്ടുപിടിപ്പിക്കും. ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കണ്ടല്‍ പാര്‍ക്ക് ഒരുക്കുന്നത്.
കണ്ണൂര്‍ കണ്ടല്‍ പ്രൊാജക്ട് ഓയിസ്‌ക ഇന്റര്‍നാഷണല്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് ഭൂമിത്രസേന എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ലോക തണ്ണീര്‍ത്തട ദിനമായ ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പത് മണിക്ക് ചാല്‍ ബീച്ചില്‍ കണ്ടല്‍ നട്ടുകൊണ്ട് പാര്‍ക്കിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
അഴീക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി  പ്രസന്ന  അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുകുമാരന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കണ്ടല്‍ പ്രൊജക്ട്  അസിസ്റ്റന്റ് മാനേജര്‍ രമിത്ത്, ഓയിസ്‌ക ഇന്റര്‍നാഷണല്‍ പ്രതിനിധി മുഹമ്മദ് അഷ്‌റഫ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി വി പത്മനാഭന്‍, പഞ്ചായത്ത് സെക്രട്ടറി കെ കെ രാജലക്ഷ്മി, അസിസ്റ്റന്റ് സെക്രട്ടറി അജയന്‍ എന്നിവര്‍ സംബന്ധിച്ചു.

 

ദര്‍ഘാസ് ക്ഷണിച്ചു
പയ്യന്നൂര്‍ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ 133 അങ്കണവാടികളിലേക്ക് 2019-20 വര്‍ഷത്തെ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിനും പ്രീസ്‌കൂള്‍ ആക്ടിവിറ്റി ബുക്ക്, അസസ്‌മെന്റ് കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഏഴ് രണ്ട് മണി. ഫോണ്‍. 0498 5204769.
 

 

ക്വട്ടേഷന്‍ ക്ഷണിച്ചു
പാപ്പിനിശ്ശേരി സ്റ്റേഷന്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി തടസം നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 29 വൈകുന്നേരം നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ലേലം ജനുവരി 30 ന് രാവിലെ 11 മണിക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിരത്ത് വിഭാഗം കണ്ണൂര്‍ കാര്യലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  0497 2705305

 

ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വെ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ തല്‍ക്കാലിക നിയമനം നടത്തുന്നു. എ എല്‍ എസ്സ് സ്റ്റാഫ് നേഴ്‌സ് -അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ്ങ് ആന്‍ഡ് മിഡ്‌വൈഫറി, ബി എസ്സ് സി നഴ്‌സിങ്ങ്, എ സി എല്‍ എസ്സ്, ബി എല്‍ എസ്സ് ഉള്ളവര്‍ക്ക് മുന്‍ഗണന, ലാബ് ടെക്‌നീഷ്യന്‍- ഡി എം എല്‍ ടി / ബി എസ് സി എം എല്‍ ടി), ലാബ് അസിസ്റ്റന്റ് - വി എച്ച് എസ് സി/ എം എല്‍ ടി, ക്ലര്‍ക്ക്- ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ക്ലറിക്കല്‍ ഉദ്യോഗസ്ഥര്‍ . താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന് രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം തെളിയ്ക്കുന്ന രേഖകള്‍ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.

date