Skip to main content
ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട യോഗം പിണറായി ക്ഷീര സംഘം ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി  കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

ധര്‍മ്മടം മണ്ഡലത്തിലെ എല്ലാ സി എച്ച് സികളും മാര്‍ച്ചിനുള്ളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാകും: ശൈലജ ടീച്ചര്‍ മൂന്ന് മാസത്തിനുള്ളില്‍ ജില്ലാ ആശുപത്രിയില്‍ കാത്ത്‌ലാബ് പൂര്‍ണ സജ്ജമാകും

ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ധര്‍മ്മടം മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതിയുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കാനും കഴിയണം. എന്ത് രോഗം വന്നാലും അതിനെ പ്രതിരോധിക്കാന്‍ ആരോഗ്യ മേഖല സജ്ജമായിരിക്കണം. കൊറോണയെ നേരിടാന്‍ ത്യാഗ പൂര്‍ണമായ പ്രവര്‍ത്തനമാണ് ആരോഗ്യ മേഖല നടത്തുന്നത്. മെഡിക്കല്‍ കോളജുകളിലെല്ലാം ഐസോലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കി കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.
 
ധര്‍മ്മടം മണ്ഡലത്തിലെ എല്ലാ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയാണ്. മാര്‍ച്ചിനുള്ളില്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകണം. ഒന്നാം ഘട്ടത്തില്‍ പദ്ധതിയിലുള്‍പ്പെടുത്തിയ മുഴപ്പിലങ്ങാട് സി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിക്കഴിഞ്ഞു. മണ്ഡലത്തിലെ ബാക്കിയുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിണറായി സി എച്ച് സിയെ സ്‌പെഷ്യാലിറ്റി സെന്ററായി ഉയര്‍ത്തുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ജില്ലയിലെ 12 ആശുപത്രികള്‍ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരം (എന്‍ക്യൂഎസ്) ലഭിച്ചിരിക്കുന്നത്. എന്‍ ക്യൂ എസ് നിലവാരത്തിലായിരിക്കും ഇനി എല്ലാ ആശുപത്രികളുടെ പ്രവര്‍ത്തനം. ആശുപത്രികളുടെ അധീനതയിലുള്ള സ്ഥലത്ത് മറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി അറിയിച്ചു. പകര്‍ച്ചവ്യാധി നിര്‍മാര്‍ജനത്തിനായി ഓരോ പഞ്ചായത്തുകളിലും നാലോ അഞ്ചോ അംഗങ്ങളുള്ള ആരോഗ്യ സേന രൂപീകരിക്കണം. 20 പേര്‍ക്ക് ഒരു ടീം ഉണ്ടാകണം. ആഴ്ചയിലൊരിക്കല്‍ ഈ ടീം വീടുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ പരിശോധനകളും നടപടികളും സ്വീകരിക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് മാസം കൊണ്ട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പൂര്‍ണ സജ്ജമാകും. ആഞ്ചിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ളവ ഇവിടെ ചെയ്യാന്‍ സാധിക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് തലത്തില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി മാറികൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ഇവിടെ അത്യന്താധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി. ഡിഎംഒ ഡോ. കെ നാരായണ നായ്ക്, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

 

date