Skip to main content

അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നിഷേധിക്കുന്ന  ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി: റവന്യൂ വകുപ്പ് മന്ത്രി

അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നിഷേധിക്കുന്ന  ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകായായിരുന്നു അദ്ദേഹം.ഭൂപരിഷ്‌കരണം നിയമം നടപ്പിലാക്കി 50 വര്‍ഷം കഴിഞ്ഞിട്ടും ഭൂവിതരണ പ്രക്രിയ നീണ്ടുപോയതിന്റെ പേരില്‍  നിരവധിയാളുകള്‍ക്കാണ്  ഭൂമി ലഭിക്കാന്‍ വൈകിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ ഭൂമി നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ ദുഷ്പ്രവണത അംഗീകരിക്കാന്‍ കഴിയില്ല.കാസര്‍കോട് ജില്ലയില്‍ മാത്രമാണ്  ഉദ്യോഗസ്ഥരുടെ ഇത്തരം ചെയ്തികള്‍ കാണാന്‍ കഴിയുക. വര്‍ഷങ്ങളായി കൈവശം വെയ്ക്കുന്ന ഭൂമിയുടെ പട്ടയത്തിന് അപേക്ഷിച്ച അര്‍ഹരായവര്‍ക്ക് ഉദ്യോഗസ്ഥര്‍ പട്ടയം നിഷേധിക്കുന്ന പ്രവണതയാണ് ജില്ലയില്‍ കണ്ടുവരുന്നത്. ഇത്തരം ഉദ്യോഗസ്ഥര്‍ പട്ടയം നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട്  ഉടന്‍ സമര്‍പ്പിക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും.

അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കാത്ത ഉദ്യോഗസ്ഥരും കാസര്‍കോട് ജില്ലയില്‍ ഉണ്ട്.  ഇതു സംബന്ധിച്ച  റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.  സമയബന്ധിതമായി പട്ടയവിതരണത്തിന് ആത്മാര്‍ത്ഥമായി ശ്രമിച്ച ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

സംസ്ഥാനത്ത് 140000 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാത്താകെ 1,40,000 പേര്‍ക്ക് പട്ടയം വിതരണം ചെയ്തുവെന്ന് റവന്യൂ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ഇത് ഒന്നര ലക്ഷമായി വര്‍ദ്ധിക്കും.അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയെന്നത് ഈ സര്‍ക്കാറിന്റെ നിലപാടാണ്.അതു പൂര്‍ത്തീകരിക്കാനുള്ള ഫലത്തായ പ്രവൃത്തികളാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്.

ജില്ലയില്‍ ഇതുവരെയായി 8101 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജില്ലയില്‍ ഇതുവരെയായി 8101 പേര്‍ക്ക്പട്ടയം വിതരണം ചെയ്തു .കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ പട്ടയമേള വഴിമാത്രം 2044 പേര്‍ക്കുമാണ് പട്ടയം വിതരണം ചെയ്തത്. ഇതില്‍ 565 കേരളാ ഭൂമി പതിവ് പട്ടയങ്ങളും,35 മുന്‍സിപ്പല്‍ പട്ടയങ്ങളും  28 ദേവസ്വം പട്ടയങ്ങളും 36 മിച്ചഭൂമി പട്ടയങ്ങളും  1380 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും ഉള്‍പ്പെടുന്നു.പട്ടയം വിതരണം ചെയ്തുന്നതിന് നാല് താലൂക്കുകള്‍ക്കും,മിച്ചഭൂമി,ദേവസ്വം ഭൂമി,ലാന്റ് ട്രീബ്യൂണല്‍ ഭൂമി എന്നിവയ്ക്കും പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. 

പട്ടയ വിതരണ മേള ആഘോഷമാക്കി : 2044 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു

 

വര്‍ഷങ്ങളായി കൈവശം വച്ച ഭൂമി സ്വന്തമാക്കുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലെ പട്ടയ വിതരണ മേളയില്‍ എത്തിയ ഒരോരുത്തരും.പട്ടയം വിതരണ മേള രാവിലെ പത്തിനാണ്   ആരംഭിച്ചതെങ്കിലും,പട്ടയത്തിന് അര്‍ഹരായവര്‍ ഒന്‍പത് മണിയോടെ തന്നെ ടൗണ്‍ ഹാളില്‍ കുടുംബസമേതം എത്തി. മേള റവന്യൂ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.കുറ്റിക്കോലിലെ കുണ്ടുവളപ്പിലെ  ടി രാജഗോപാലനാണ് മന്ത്രി ആദ്യം പട്ടയം  നല്‍കിയത്.തുടര്‍ന്ന് കുറ്റിക്കോലിലെ തന്നെ എം മാലിംഗന്‍ മണിയാണിയ്ക്ക് പട്ടയം നല്‍കി.മേള വഴി 2044 പേര്‍ക്കാണ് പട്ടയം നല്‍കിയത്.

ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു.ബാലവേലയ്ക്ക് എതിരെ ജില്ലാഭരണകൂടം തയ്യാറാക്കിയ ശരണബാല്യം എന്ന ഹ്രസ്വസിനിമ റവന്യൂ വകുപ്പ് മന്ത്രി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധുമുതിയക്കാലിന് നല്‍കി പ്രകാശനം ചെയ്തു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബു ആണ് ഹ്രസ്വസിനിമ സംവിധാനം ചെയ്തത്.എം എല്‍ എ മാരായ എം സി ഖമറുദ്ദീന്‍,കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍,കാസര്‍കോട് നഗരസഭാ  ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം,കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ശാരദാ എസ് നായര്‍, പി ഇന്ദിര,വാര്‍ഡ് കൗണ്‍സില്‍  സുജിത് കുമാര്‍ അമെയ്,സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ രവിരാമന്‍ ,സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍,എഡിഎം എന്‍ ദേവിദാസ്,കാസര്‍കോട് ആര്‍ ഡി ഒ കെ രവികുമാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍,അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,ടി ഇ അബ്ദുള്ള, എ കുഞ്ഞിരാമന്‍ നായര്‍,കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,പി പി രാജു,അബ്രഹാം എസ്  തോണക്കര, വികെ രമേശന്‍,നാഷണല്‍ അബ്ദുള്ളഎന്നിവരും സംസാരിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതവും  ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍)ടി ആര്‍ അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.

റവന്യൂ മന്ത്രിയുടെ ഇടപെടല്‍ ,രാജഗോപാലനും 

മാലിംഗ മണിയാണിക്കും ഭൂമി സ്വന്തം

 

രാജഗോപാലന്റെയും മാലിംഗ മണിയാണിയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്  സന്തോഷകരമായ  പരിസമാപ്തി. . ഇരുവരും വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം.നിരവധി  പട്ടയമേളകളില്‍ പട്ടയത്തിന് വേണ്ടി അപേക്ഷിച്ച ഇരുവര്‍ക്കും നിരാശയായിരുന്നു ഫലം. ഒടുവില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ സമയോചിതമായ ഇടപെടലിലൂടെ ഇവരുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ പട്ടയ വിതരണ മേളയില്‍ ഇവര്‍  മന്ത്രിയില്‍ നിന്ന് പട്ടയം സ്വീകരിച്ചു.

കുറ്റിക്കോല്‍ കുണ്ടുവളപ്പിലെ  ടി രാജഗോപാലനും, എം മാലിംഗ മണിയാണിയും അയല്‍വാസികളാണ്.വര്‍ഷങ്ങളായി പട്ടയത്തിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങിയതും ഇരുവരും ഒരുമിച്ചാണ്.രാജഗോപാലന്റെ മാതാപിതാക്കളുടെ കാലം മുതല്‍ കൈവശം ഉണ്ടായിരുന്ന നാലേമുക്കാല്‍ സെന്റ് ഭൂമിക്കാണ്  ഇപ്പോള്‍ പട്ടയം ലഭിച്ചത്.ഈ ഭൂമിയിലെ വീടിനോട് ചേര്‍ന്ന് ചെറിയ തോതില്‍ ഹോട്ടല്‍ നടത്തിയാണ്  53 കാരാനായ രാജഗോപാലന്‍ ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തുന്നത്.കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി ഭഗവതി  ക്ഷേത്രത്തിലെ സ്ഥാനികന്‍ കൂടിയാണ് ഇദ്ദേഹം.

    85 കാരനായ എം മാലിംഗന്‍ മണിയാണി 75 വര്‍ഷമായി കൈവശം വെയ്ക്കുന്ന  ഏഴ് സെന്റ് ഭൂമിക്കാണ് ഇപ്പോള്‍ പട്ടയം ലഭിച്ചത്.വാര്‍ധ്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന അദ്ദേഹം,മക്കളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇപ്പോല്‍ ജീവിക്കുന്നത്.ഇദ്ദേഹത്തിന്റെ ഭാര്യ 10 പത്ത് വര്‍ഷം മുമ്പ് മരിച്ചു.വിറയ്ക്കുന്ന കൈകളാല്‍ റവന്യൂ മന്ത്രിയുടെ കൈകയില്‍ നിന്ന് പട്ടയം വാങ്ങിയ മാലിംഗന്‍ മണിയാണിയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നു-'ഈ സര്‍ക്കാര്‍ നേരിനൊപ്പമാണ്'

കുറ്റിക്കോലിലെ ടി രാജഗോപാലനും, എം മാലിംഗ മണിയാണിയും

ബാലവേലയ്‌ക്കെതിരെ ശരണബാല്യവുമായി ജില്ലാ ഭരണകൂടം  ബാലവേലയ്‌ക്കെതിരെ ബോധവല്‍ക്കരണവുമായി ജില്ലാഭരണകൂടം നിര്‍മ്മിച്ച ഹ്രസ്വ സിനിമ പ്രകാശനം ചെയ്തു. കാസര്‍കോട് നടന്ന പട്ടയമേളയില്‍ റവന്യൂ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരനാണ്  ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധുമുതിയക്കാലിന് നല്‍കി  ഹ്രസ്വ സിനിമ പ്രകാശനം ചെയ്തത്. .തുടര്‍ന്ന്പ്രദര്‍ശനവും നടത്തി.കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു. ആണ് സംവിധായകന്‍. ജില്ലയില്‍ നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി ശ്രദ്ധേയനായ  ഡോ ഡി സജിത് ബാബുവിന്റെ മറ്റൊരു ശക്തമായ ഇടപെടലാണ് ഈ ചിത്രം. കഥ,തിരക്കഥ സംഭാഷണം സംവിധാനം എല്ലാം ജില്ലാ കളക്ടര്‍ തന്നെ നിര്‍വഹിച്ചു. 

ഒന്‍പത് മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമാണ് കളക്ടര്‍ സംവിധാനം ചെയ്തത്.കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നതില്‍ ഭൂരിഭാഗവും. എഡിഎം എന്‍ ദേവിദാസ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍,സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നൗഷാദ് അരിക്കോട്, കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് സാലിയാന്‍, കളക്ടറുടെ സി എ ഷേര്‍ലി കെ പി,  എസ് ലീലാവതി്,,ഷെഫീഖ്, കളക്ടറുടെ ഗണ്‍മാന്ന്‍മാരായ ധനേഷ് ദിലീഷ്‌കുമാര്‍, രാജേഷ് ,മാസ്റ്റര്‍ശ്രീരാജ്, മാസ്റ്റര്‍ സമ്യക്ശിവ,കുമാരി ദേവി മിത്ര നമ്പ്യാര്‍, മാസ്റ്റര്‍ ഫിസാന്‍ മുഹമ്മദ് സി, എന്നിവരാണ് ഇതില്‍ അഭിനയിച്ചത് ജില്ലാഭരണകൂടമാണ് ഷോര്‍ട്ട് ഫിലി നിര്‍മ്മിച്ചത്.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിന് സാങ്കേതിക സഹായം നല്‍കിയത്.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ കണ്ടന്റ് എഡിറ്റര്‍ ദീക്ഷിത കൃഷ്ണനാണ് അസി.ഡയരക്ടരര്‍.ക്യാമറ കൈകാര്യം ചെയ്തത് ശരത്കുമാറും സതീഷ് നിട്ടൂരും ആണ്. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പൊതുപരിപാടികളിലും സിനിമ പ്രദര്‍ശിപ്പിച്ച്,ബാലവേലയ്‌ക്കെതിരെ അഭിപ്രായം രൂപീകരിക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. 

കൂളിമാവ് കോളനിയില്‍ ഇനി ആശ്വാസ ദിനങ്ങള്‍; 3.60 ഏക്കര്‍ ഭൂമിക്ക് പട്ടയം ലഭിച്ചു

കോടോം-ബേളൂര്‍ പഞ്ചായത്തിലെ കൂളിമാവ് കോളനിവാസികള്‍ക്ക് ഇനി ആശ്വസിക്കാം. വര്‍ഷങ്ങളായി കുടിയവകാശമില്ലാതെ ദുഷ്‌കരമായി ജീവിതം തള്ളിനീക്കിയിരുന്ന കോളനിയിലെ 24 കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേള സാന്ത്വനമായത്. കാലങ്ങളായി പട്ടികവര്‍ഗ വിഭാഗങ്ങളായ മാവിലന്‍, മലവേട്ടുവ സമുദായങ്ങള്‍ അധിവസിക്കുന്ന ഈ കോളനിയില്‍ നിലവില്‍ 34 കുടുംബങ്ങളിലായി 137 പേരാണ് താമസിക്കുന്നത്. ഇതില്‍ 24 കുടുംബങ്ങള്‍ക്ക്് 15 സെന്റ് ഭൂമി വീതമാണ് പട്ടയം ലഭിച്ചത്. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുടിയവകാശം ഇല്ലാത്തതിനാല്‍ ചെറുകുടിലുകളിലേക്ക് വൈദ്യുതി ലഭ്യമാക്കാവുന്ന സാഹചര്യമുണ്ടായിരുന്നില്ല. നിലവില്‍ നാലു കുടുംബങ്ങള്‍ക്ക് മാത്രമാണ് വൈദ്യുതിയുള്ളത്. പട്ടയം ലഭിക്കുന്നതോടെ കുടിലുകളില്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കും. ഇത് സമീപത്തെ തായന്നൂര്‍ സര്‍ക്കാര്‍ സ്‌കൂളിലടക്കം പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുഗ്രഹമാവും.

date