Skip to main content

നിയമസഭാ സമ്മേളനത്തിന് 29ന് നയപ്രഖ്യാപനത്തോടെ തുടക്കം

പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ജനുവരി 29ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  പതിനാലാം നിയമസഭയിലെ അംഗമായിരുന്ന മുൻമന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണം സംബന്ധിച്ച് റഫറൻസ് നടത്തി 31ന് സഭ പിരിയും.  30ന് സഭാസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.  2020-21 വർഷത്തെ ബജറ്റ് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും.
പതിനെട്ടാം സമ്മേളനം പത്ത് ദിവസം ചേരും.  അതിൽ നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചർച്ചയ്ക്കും ബജറ്റിൻമേലുള്ള പൊതുചർച്ചയ്ക്കും മൂന്നു ദിവസം വീതവും നിയമനിർമ്മാണത്തിന് ഒരു ദിവസവും നീക്കിവച്ചിട്ടുണ്ട്.  നിശ്ചയിച്ചിട്ടുള്ള നടപടികൾ പൂർത്തിയാക്കി സമ്മേളനം ഫെബ്രുവരി 12ന് അവസാനിപ്പിക്കാനാണ് തീരുമാനം.
കടലാസ്‌രഹിത നിയമസഭ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഇ-നിയമസഭയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഈ സമ്മേളനത്തിൽ തുടക്കം കുറിക്കും.  അതിന്റെ ഭാഗമായി ഗവർണ്ണറുടെ പ്രസംഗവും ബജറ്റ് പ്രസംഗവും ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളായിട്ടുണ്ട്.  എന്നാലും മുൻകാലങ്ങളിൽ ലഭ്യമായിരുന്നതുപോലെ പകർപ്പുകൾ കടലാസ് രൂപത്തിൽ ഈ സമ്മേളനകാലത്തും അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ലഭ്യമാക്കും.
നിയമസഭ കലാലയങ്ങളിലേക്ക് എന്ന ആശയം പ്രാവർത്തികമാക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള ജനാധിപത്യകലാലയം എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23ന് പൊന്നാനി എം.ഇ.എസ് കോളേജിൽ നടന്നു.  തുടർന്ന് സംസ്ഥാനത്ത് എല്ലാ നിയോജകമണ്ഡലത്തിലേയും ഒരു കലാലയത്തിലെങ്കിലും ഈ പരിപാടി സംഘടിപ്പിക്കുമെന്നും സ്പീക്കർ അറിയിച്ചു.
പി.എൻ.എക്സ്.400/2020

date