Skip to main content

അങ്കമാലി നഗരസഭ: ഭവന സമുച്ചയം ഉദ്ഘാടനം ഇന്ന്

 

അങ്കമാലി: സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങൾക്കായി അങ്കമാലി നഗരസഭ നിർമ്മാണം പൂർത്തീകരിച്ച ഭവന സമുച്ചയത്തിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. ഇന്ന് (15-2-2020) വൈകീട്ട് 5ന് അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ നടക്കുന്ന താക്കോൽദാന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി അധ്യക്ഷത വഹിക്കും. നഗരസഭാ സെക്രട്ടറി ബീന.എസ്.കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ബെന്നി ബഹന്നാൻ എം.പി, റോജി എം ജോൺ എം എൽ എ, നഗരസഭാ ചെയർപേഴ്സൺ എം.എ ഗ്രേസി തുടങ്ങിയവർ പങ്കെടുക്കും. 

അങ്കമാലി നഗരസഭ 2017-18 മുതല്‍ 2019-20 വരെയുള്ള വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.27 കോടി രൂപ ചെലവിലാണ് ഫ്ലാറ്റ് നിർമ്മിച്ചത്. 11-ാം വാര്‍ഡില്‍ മേനാച്ചേരി പാപ്പു - ഏല്യാ പാപ്പു ദമ്പതികള്‍ സൗജന്യമായി വിട്ടു നല്‍കിയ 15 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത് . 7500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് നിർമ്മാണം. 650 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 12 ഫ്ലാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്.. ഇതിനോടകം 30-ാം വാര്‍ഡില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി മൂന്ന് നിലകളിലുള്ള ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആറ് കുടുംബങ്ങൾക്കു കൈമാറി. ഭൂരഹിതരായ 15 പേര്‍ക്ക് സ്ഥലം വാങ്ങുന്നതിനായി 30 ലക്ഷം രൂപയും നല്‍കി. ജനകീയ ആസൂത്രണ പദ്ധതി ലൈഫ് - പി.എം.എ.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 2015-16 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 366 ഭവനങ്ങള്‍ നിര്‍മ്മിച്ചു. പ്രളയാനന്തര ഭവന പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി 20 വീടുകളും നിര്‍മ്മിച്ചു നല്‍കാന്‍ അങ്കമാലി നഗരസഭയ്ക്ക് കഴിഞ്ഞു. ഭൂരഹിത ഭവന രഹിതരായി 99 പേരാണ് നഗരസഭയുടെ പട്ടികയിലുള്ളത്. ഇതിൽ 12 പേർക്കാണ് ആദ്യഘട്ടത്തിൽ ഫ്ലാറ്റുകൾ കൈമാറുുന്നത്. സ്ഥലം ലഭിക്കുന്നതനുസരിച്ച് ബാക്കിയുള്ളളവർക്കും ഫ്ലാറ്റ് നിർമ്മിച്ച് നൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

date