Skip to main content

ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു

നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍, ത്രി ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിയ ദ്വിദിന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ് സമാപിച്ചു. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍  നടത്തിയ സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 793 പേരില്‍ നിന്നും തിരഞ്ഞെടുത്ത 80 പേരാണ് ചെര്‍ക്കള മാര്‍തോമാ ഹൈസ്‌കൂളില്‍  കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ പങ്കെടുത്തത്. 

മൊബൈല്‍ ആപ്പ് നിര്‍മ്മാണം, റാസ്പ്ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, നെറ്റ്വര്‍ക്കിലുള്ള ഫാന്‍, ലൈറ്റ് എന്നിവ ശബ്ദസിഗ്നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷന്‍ സംവിധാനം, ഇതിലേക്കാവശ്യമായ കണക്ടിവിറ്റി പ്രോഗ്രാമുകള്‍ തയാറാക്കുന്നതിനുള്ള ലഘു അപ്ലിക്കേഷനുകളുടെ നിര്‍മ്മാണം എന്നിവയാണ് പ്രോഗ്രാമിങ് മേഖലയില്‍  ക്യാമ്പിലെ കുട്ടികളെ പരിചയപ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, ഐ.ഒ.ടി ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തണ്‍ പ്രോഗ്രാമിങ്ങും പരിശീലിപ്പിച്ചു. 

വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ കെ വി, ഡയറ്റ് പ്രിന്‍സിപ്പാള്‍ രാമചന്ദ്രന്‍, ഡിഇഒ എന്‍ നന്ദികേശ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ പി ദിലീപ്കുമാര്‍  തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികളുമായി സംവദിച്ചു. രണ്ടു ദിവസത്തെ പരിശീലനത്തിലൂടെ കുട്ടികള്‍ തയാറാക്കിയ ഉപകരണങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. ജില്ലാ ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുത്തവരെ ഉള്‍പ്പെടുത്തിയുള്ള സംസ്ഥാന ക്യാമ്പ് പിന്നീട് നടക്കുമെന്ന്  കൈറ്റ് ജില്ലാകോര്‍ഡിനേറ്റര്‍ എം. പി രാജേഷ്  അറിയിച്ചു. മാര്‍ത്തോമ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സക്കറിയ തോമസ്, കൈറ്റ് മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ ശങ്കരന്‍ കെ, റോജി ജോസഫ്, അബ്ദുള്‍ ജമാല്‍, വിജയന്‍ വികെ, ബാബു, അനില്‍കുമാര്‍, മനോജ് , സുവര്‍ണന്‍, പ്രവീണ്‍, അഭിലാഷ്, പ്രിയ തുടങ്ങിയവര്‍ ക്യാമ്പ് നയിച്ചു.

date