Skip to main content

പന്ത്രണ്ടാമത് വെയര്‍ഹൗസ് കാഞ്ഞിരപ്പൊയിലില്‍:  റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ശിലാസ്ഥാപനം നടത്തി

സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ (സി.ഡബ്‌ള്യു.സി) കേരളത്തിലെ പന്ത്രണ്ടാമത് വെയര്‍ഹൗസ് കാഞ്ഞിരപ്പൊയിലില്‍ നിര്‍മ്മിക്കും.ഇതിന്റെ ശിലാസ്ഥാപനം കാഞ്ഞിരപ്പൊയില്‍ നടന്ന ചടങ്ങില്‍ റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഗ്രാമീണ മേഖലയില്‍ ഇത്തരം വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നത് കര്‍ഷകര്‍ക്ക്  ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിന് സഹായമാകുമെന്ന് മന്ത്രി പറഞ്ഞു. മിക്ക കര്‍ഷകര്‍ക്കും അവര്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സൗകര്യമില്ല.പൊതുമേഖല സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ കീഴിലുള്ള ഇത്തരം  വെയര്‍ഹൗസുകള്‍ കര്‍ഷകര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുന്നതിന് അവസരമൊരുക്കുകയും  ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

മലയോര മേഖലയിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് പാണത്തൂര്‍ റൂട്ടില്‍ വെയര്‍ഹൗസിന്റെ ഒരു യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം മന്ത്രി സി.ഡബ്യു.സി അധികൃതര്‍ക്ക് മുമ്പില്‍ വച്ചു. യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം റവന്യു വകുപ്പ്  ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അധ്യക്ഷത വഹിച്ചു.സി.ഡബ്ല്യു സി  റീജി നല്‍ മാനേജര്‍ പി.ആര്‍.കെ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍, വൈസ് പ്രസിഡണ്ട് കെ പ്രമീള, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ എം കുഞ്ഞമ്പു, ശശീന്ദ്രന്‍ മടിക്കൈ, എ അബ്ദുള്‍ റഹ്മാന്‍,സ്ഥിരം സമിതി അധ്യക്ഷ സി ഇന്ദിര, ബങ്കളം കുഞ്ഞികൃഷ്ണന്‍, വി പ്രകാശന്‍, കെ നാരായണന്‍, എ.വി ബാലകൃഷ്ണന്‍, ബി ബാലന്‍, എന്‍.കെ ശാര്‍ങ്ങാധരന്‍, പി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.സി.ഡബ്ല്യു.സി ഫിനാന്‍സ് ഡയറക്ടര്‍ എസ് ചാള്‍സ് സ്വാഗതവും സി.ഡബ്ല്യു.സി  ഡയറക്ടര്‍ കെ.പി പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

കാത്തിരപ്പൊയില്‍ വെയര്‍ഹൗസ് പത്ത് മാസത്തിനകം യഥാര്‍ത്ഥ്യമാകും

സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ (സി.ഡബ്‌ള്യു.സി) കേരളത്തിലെ പന്ത്രണ്ടാമത് വെയര്‍ഹൗസ് കാഞ്ഞിരപ്പൊയിലില്‍  പത്ത് മാസത്തിനകം യഥാര്‍ത്ഥ്യമാകും.റവന്യു വകുപ്പ് കൈമാറിയ ഭൂമിയിലാണ് വെയര്‍ ഹൗസ് നിര്‍മ്മിക്കുന്നത്. 10,000 ടണ്‍ സംഭരണ ശേഷിയുള്ള  ഈ കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സേവനം ലഭിക്കും.

 

date