Skip to main content

കുട്ടനാട് മിനി സിവില്‍ സ്റ്റേഷനില്‍ എടിഎം കൗണ്ടര്‍ നിര്‍മിക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം

ആലപ്പുഴ: കുട്ടനാട് മിനി സിവില്‍ സ്റ്റേഷനില്‍ എടിഎം കൗണ്ടര്‍ നിര്‍മ്മിക്കാന്‍ ജില്ല കളക്ടര്‍ എം. അഞ്ജന നിര്‍ദ്ദേശിച്ചു. കുട്ടനാട്ടില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ ചമ്പക്കുളം വാരിക്കാട് ജോപ്പന്‍ ജോയി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കുട്ടനാട് താലൂക്ക് നിവാസികളുടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ദിവസവും ആയിരത്തോളം ആളുകള്‍ എത്തുന്ന മിനി സിവില്‍ സ്റ്റേഷന്റെ വിവിധ അസൗകര്യങ്ങള്‍ കാണിച്ച് അപേക്ഷ നല്‍കിയത്. ലീഡ് ബാങ്കിനോടാണ് എടിഎം നിര്‍മിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചത്.
തകഴി വില്ലേജ് ചെക്കിടിക്കാട് മുറിയില്‍ കെ.വി ഗോപി അമ്മയുടെ മരണം രജിസ്റ്റര്‍ ചെയ്യുന്നതിനും മരണ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തില്‍ നല്‍കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ മറുപടിയൊന്നും ലഭിച്ചിരുന്നില്ല. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ കളക്ടര്‍ മരണം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി മരണ സര്‍ട്ടിഫിക്കറ്റ് തപാല്‍ മുഘേന പരാതിക്കാരന് എത്തിച്ചു നല്‍കാന്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു.
പള്ളിക്കൂട്ടുമ്മ- നീലംപേരൂര്‍ റോഡുകളിലെ വശങ്ങളിലുള്ള എര്‍ത്തു വര്‍ക്കുകള്‍ ചെയ്തിട്ടില്ലാത്തതിനാല്‍ അപകടങ്ങള്‍ വര്‍ധിക്കുന്നത് സംബന്ധിച്ച പരാതികളും അദാലത്തില്‍ ലഭിച്ചു. പിഡബ്ല്യുഡി അധികൃതരുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങള്‍ നന്നാക്കി സഞ്ചാര യോഗ്യമാക്കാനുള്ള നിര്‍ദ്ദേശം നല്‍കി.
സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നിരവധി അപേക്ഷകള്‍ നല്‍കിയിട്ടും സാങ്കേതിക കാരണങ്ങളാല്‍ തള്ളിപ്പോയവരും കളക്ടര്‍ക്ക് മുന്നില്‍ പരാതിയുമായി എത്തിയിരുന്നു. വിവിധ വകുപ്പുകളെ സംബന്ധിച്ച് നിരവധി പരാതികളാണ് കളക്ടര്‍ക്ക് മുന്‍പിലെത്തിയത്. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനായി വിവിധ കൗണ്ടറുകളും ഏര്‍പ്പെടുത്തിയിരുന്നു. വിവിധ വകുപ്പ് മേധാവികള്‍, താലൂക്ക് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
(ചിത്രമുണ്ട്)

date