Skip to main content

വെബിനാർ ഓൺലൈൻ പരിശീലന പദ്ധതിക്ക് തുടക്കം

പൊതുമരാമത്ത് വകുപ്പിൽ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച വെബിനാർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. വിവര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ പരിശീലന പരിപാടിയാണ് വെബിനാർ. പദ്ധതിക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. പരിശീലകനും പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും സ്ഥലപരിമിതികളില്ലാതെ ലോകത്തിന്റെ ഏതു ഭാഗത്തിൽ നിന്നും തത്സമയ ആശയവിനിമയം നടത്താനാവുമെന്നതാണ് വെബിനാറിന്റെ പ്രത്യേകത. ഇതിലൂടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ജോലി സ്ഥലങ്ങളിൽ നിന്നും വിട്ടു നിൽക്കാതെ തന്നെ പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ഇന്ത്യയിലും വിദേശത്തുമുള്ള സാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്താനും സാധിക്കും. ഒരേ സമയം 250 പേർക്ക് പരിശീലനം നൽകാൻ പദ്ധതിയിലൂടെ സാധിക്കും. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇത്തരമൊരു പരിപാടി പൊതുമരാമത്ത് വകുപ്പിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, മധുമതി, കെ.എച്ച്.ആർ.ഐ അസിസ്റ്റന്റ് ഡയറക്ടർ അഭിജിത്ത് എന്നിവർ സന്നിഹിതരായി.
പി.എൻ.എക്സ്.666/2020

date