Skip to main content

നാടിനെ അറിഞ്ഞ് വരടിയം ഗവ. സ്‌കൂളിൽ 'ഗ്രാമായനം പഠനോൽസവം'

ചുറ്റുപാടുകളെ കാണാതെയും അറിയാതെയും പോകുന്ന തലമുറയെ ഓർത്ത് വേവലാതി കൊള്ളുന്ന വർത്തമാനകാലത്ത് നാടിനെ അറിഞ്ഞും അറിയിച്ചും പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി വരടിയം ഗവ. യു പി സ്‌കൂൾ. ഗ്രാമായനം എന്ന പേരിലാണ് പുസ്തക അറിവുകൾക്കൊപ്പം നാട്ടറിവുകളും സ്വായത്തമാക്കിയുള്ള പദ്ധതി സ്‌കൂളിൽ നടന്നത്. പഠനോൽസവത്തിന്റെ ആദ്യഘട്ടമാണ് ഗ്രാമായനമെന്ന പരിപാടി. ഇതു പൂർത്തിയാക്കിയപ്പോൾ വിദ്യാർഥികൾക്ക് പുതിയ സാമൂഹിക കാഴ്ച്ചപ്പാടുകൾ ലഭിച്ചതായി അധ്യാപകർ പറഞ്ഞു.
അധ്യാപകരോടും രക്ഷിതാക്കളോടും തങ്ങളറിഞ്ഞ പുത്തൻകാഴ്ചകളെയും അനുഭവങ്ങളെയും കുട്ടികൾ പങ്കുവെച്ചു. മലയാളം, സംസ്‌കൃതം, സയൻസ്, ഗണിതം, ഇംഗ്ലീഷ്, ശുചിത്വം തുടങ്ങിയവയിലെ അറിവുകൾ കുട്ടികൾ തന്നെ നേരിട്ട് നിരീക്ഷിച്ചും പരീക്ഷിച്ചും സമൂഹത്തിലെത്തിക്കുന്നതിനും ഗ്രാമായനം പരിപാടിയിലൂടെ സാധിച്ചു. ചൂലിശ്ശേരി, പേരാമംഗലം, അവണൂർ തെക്കെ തുരുത്ത്, കോളങ്ങാട്ടുകര, അവണൂർ പഞ്ചായത്ത്, അവണൂർ പാടം, മൈലാംകുളം, അംബേദ്കർ കോളനി, തുടങ്ങി ഗ്രാമത്തിന്റെ വിവിധ മേഖലകളിലൂടെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളുമടക്കമുള്ളവർ പദ്ധതിയുടെ ഭാഗമായി സഞ്ചരിച്ചു.
പരിപാടി അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയാ ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ രഘുനന്ദൻ, ധന്യാ അനിലൻ, ശ്രീനിവാസൻ, രാംകുമാർ എന്നിവർ വിവിധ ഇടങ്ങളിൽ കുട്ടികൾക്കൊപ്പം പങ്കുചേർന്നു. പ്രധാനാധ്യാപിക സൈമിയുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർഥി സംഘടനാ പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രതിനിധികളും ഗ്രാമായനത്തിൽ പങ്കാളികളായി.

date