Skip to main content

കുന്നംകുളത്തും അക്കിക്കാവിലും പുതിയ സബ് രജിസ്ട്രാർ ഓഫീസ്; ഉദ്ഘാടനം ഇന്ന്

കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ച കുന്നംകുളത്തേയും അക്കിക്കാവിലേയും പുതിയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങൾ ഇന്ന് (ഫെബ്രു.18) മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിനാണ് രണ്ടിടത്തും സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം.
കുന്നംകുളത്തെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം രണ്ടു കോടി രൂപ ചെലവിലാണ് നിർമിച്ചത്. പഴയ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്ന ജവഹർ സ്‌ക്വയർ സ്റ്റേഡിയത്തിന് പിറകിലായാണ് പുതിയ കെട്ടിടവും പണിതിട്ടുള്ളത്. ഓഫീസ് മുറികൾ, കോൺഫറൻസ് ഹാൾ, സന്ദർശകർക്കുള്ള വിശ്രമമുറി, വലിയ തോതിൽ മഴവെള്ളം സംഭരിക്കാവുന്ന സംഭരണി എന്നിവയും ഇവിടെയുണ്ട്. ഇപ്പോൾ ആർത്താറ്റ് വാടക കെട്ടിടത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് താത്കാലികമായി പ്രവർത്തിക്കുന്നത്.
98 ലക്ഷം രൂപ ചെലവഴിച്ചാണ് അക്കിക്കാവ് സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. കൊരട്ടിക്കരയിലെ താത്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ അക്കിക്കാവ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചു വരുന്നത്.
സബ് രജിസ്ട്രാർ ഓഫീസ് കുന്നംകുളം ഉദ്ഘാടനത്തിന്റെ പ്രാദേശിക ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ മുരളി, ഗീതാ ശശി, കെ കെ ആനന്ദൻ, സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ എന്നിവരും അക്കിക്കാവ് സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനത്തിന്റെ പ്രാദേശിക ചടങ്ങിൽ കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു പി ശോഭന, പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന ബാബു, കടവല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ സുധീർ എന്നിവരും പങ്കെടുക്കും.

date