Skip to main content

വിദ്യാലയമുറ്റത്ത് നൂറുമേനി വിളയിച്ച് കുട്ടി കർഷകർ

ക്ലാസ് മുറികളിൽ പാഠപുസ്തകങ്ങളിൽ മാത്രം വിദ്യാർത്ഥികളെ ഒതുക്കി നിർത്താതെ മണ്ണിനെ അറിയുകയാണ് തളിക്കുളം എസ്.എൻ.വി.യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ. ജീവനി പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയപരിസം കൃഷി ഭൂമിയായി മാറിയിരിക്കുന്നത്. വിദ്യാർത്ഥികളിലെ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും കൂടിയാണ് സ്‌കൂളിൽ കൃഷി ഒരുക്കിയത്. സ്‌കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സിലെ 36 കുട്ടികളാണ് കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്. ഇ.ടി. സുജ, ലിജി മാധവൻ ടീച്ചറും കുട്ടികൾക്ക് ഒപ്പം നിന്ന് കൃഷി ചെയ്യുന്നതിന് നേതൃത്വം നൽകുന്നുണ്ട്. തളിക്കുളം കൃഷി ഓഫീസർ ഗ്രേസി കൃഷി ചെയ്യുന്നത്തിന് വേണ്ട എല്ലാ മാർഗനിർദ്ദേശങ്ങളും നൽകുന്നു.
തക്കാളി, വേണ്ടയ്ക്ക, വഴുതനങ്ങ, ക്ഷീര, വാഴ, പപ്പായ, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് ജീവനി പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്യുന്നത്. ഇവിടെ കൃഷി ചെയ്ത് ലഭിക്കുന്ന പച്ചക്കറികൾ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.
കൃഷി ക്ലബിൽ അംഗങ്ങളായ വിദ്യാർത്ഥികളാണ് പച്ചക്കറി കൃഷിക്ക് സംരക്ഷണവും പരിപാലനവും നടത്തുന്നത്.
തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ രാവിലെയും വൈകീട്ടുമായി പച്ചക്കറി തൈയ്കൾ നനയ്ക്കും. വിഷരഹിത പച്ചക്കറി വിളവെടുപ്പ് നടത്തി ഈ വിദ്യാലയം മാതൃകയായിരിക്കുകയാണ്. 100 സെന്റ് ഭൂമിയിലെ കൃഷിയെ വിപുലപ്പെടുത്തുന്നതിനായും ജൈവവളം വിദ്യാലയത്തിൽ തയ്യാറാക്കുന്നതിന് ഒരു ബയോ വെയ്സ്റ്റ് പ്ലാന്റ് തയാറാക്കണമെന്നാണ് സ്‌കൂൾ ഹെഡ്മിസ്ട്രസ് എൻ.വി മിനിയുടെ ആഗ്രഹം. നിലവിൽ ചാണകം മാത്രം ഉപയോഗിച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. 800 വിദ്യാർത്ഥികൾ സ്‌കൂളിലുണ്ട്. ഇവരുടെ ഉച്ചഭക്ഷണ അവശിഷ്ടവും വീടുകളിലെ ജൈവ മാലിന്യങ്ങളും ശേഖരിച്ച് വളമാക്കിയാൽ വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കാനും കൃഷി വ്യാപ്പിക്കാനും കഴിയുമെന്ന് ഹെഡ്മിസ്ട്രാസ് പറഞ്ഞു. സ്‌കൂളിൽ കൃഷി ചെയ്യുന്നതിനായി തളിക്കുളം ഗ്രാമപഞ്ചയത്ത് അയ്യായിരം രൂപ ധനസഹായം നൽകിയിരുന്നു. തളിക്കുളം കൃഷി ഓഫീസിൽ നിന്ന് സ്‌കൂളിന് പച്ചക്കറി ചെയ്യാൻ വിത്തുകളും നൽകിയിട്ടുണ്ട്.

date