Skip to main content

നീല വിപ്ലവ'വുമായി തുറവൂര്‍ ഫിഷറീസ് യൂണിറ്റും മത്സ്യകര്‍ഷകരും

ആലപ്പുഴ: തീരദേശ ജില്ലയുടെ മണ്ണില്‍ 'നീല വിപ്ലവം' തീര്‍ക്കുകയാണ് തുറവൂര്‍ ഫിഷറീസ് യൂണിറ്റ്. മത്സ്യ സമ്പത്തില്‍ സ്വയം പര്യാപ്തത  ലക്ഷ്യമിട്ട് സംസ്ഥാന ഫിഷറീസ് വകുപ്പ് നടത്തുന്ന വിവിധ പദ്ധതികളില്‍ മികവുറ്റ  മുന്നേറ്റമാണ് തുറവൂര്‍ ഫിഷറീസ് യൂണിറ്റിന്റേത്. യൂണിറ്റിന് കീഴിലുള്ള തൈക്കാട്ടുശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി ബ്ലോക്കുകള്‍ മത്സ്യകൃഷിയില്‍ വൻ നേട്ടമാണ് കൈവരിച്ചത്.  ജില്ലയില്‍ ഏറ്റവുമധികം മത്സ്യ കര്‍ഷകരുള്ള തുറവൂര്‍ ഫിഷറീസ് യൂണിറ്റ് പദ്ധതികള്‍ നടപ്പാക്കുന്നതിലും ഒന്നാം സ്ഥാനത്തുതന്നെ.

ഓരുജല കരിമീന്‍ കൂട് കൃഷി, ഓരുജല ചെമ്മീന്‍ കൃഷി, കരിമീനും പൂമീനും കൂടിയുളള സമ്മിശ്ര കൃഷി, ഒരുനെല്ലും ഒരു മീനും, ഞണ്ട് കൃഷി, കരിമീന്‍ കുഞ്ഞുങ്ങളുടെ വിത്തുല്‍പ്പാദനം തുടങ്ങി വിവിധ തരത്തിലുള്ള മത്സ്യകൃഷികളാണ് യൂണിറ്റിന് കീഴില്‍ നടക്കുന്നത്.മത്സ്യകൃഷിക്കുള്ള തയ്യാറെടുപ്പ് മുതല്‍ ബണ്ട് നിര്‍മാണം, കുളമൊരുക്കല്‍, കുളത്തിന്റെ ആഴം കൂട്ടല്‍, വലവിരിക്കല്‍, വിത്ത് നിക്ഷേപം തുടങ്ങി വിപണനം വരെയുള്ള എന്ത് കാര്യങ്ങള്‍ക്കും യൂണിറ്റിന്റെ സേവനം ലഭ്യമാണ്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ രമേശ് ശശിധരന്‍, അക്വാകള്‍ച്ചര്‍ തുറവൂര്‍ യൂണിറ്റ് ഓഫീസര്‍ ലീന ഡെന്നിസ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഫെല്‍ഗ ഫെലിക്സ്, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. 

സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി, പ്രളയ പുനരുദ്ധാരണ പാക്കേജ്, എന്‍.എഫ്.ഡി.ബി സഹായത്തോടെയുള്ള 'ബ്ലൂ റവല്യൂഷന്‍' പദ്ധതി എന്നിവ പ്രകാരമാണ് മത്സ്യകര്‍ഷകര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നത്. യൂണിറ്റിന് കീഴിലുള്ള പഞ്ചായത്തുകളില്‍ കൃത്യമായ സേവനങ്ങള്‍ എത്തിക്കാനായി ഓരോ പഞ്ചായത്തുകളിലും അക്വാ പ്രമോട്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ എല്ലാ ആഴ്ചകളിലും കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

തുറവൂര്‍ യൂണിറ്റില്‍ ഏകദേശം 400 ഏക്കര്‍ സ്ഥലത്തായി ഒരു സെന്റ് മുതലുള്ള ചെറിയ കുളങ്ങളില്‍ മത്സ്യകൃഷി നടത്തുന്നുണ്ട്. ശുദ്ധജല മത്സ്യകര്‍ഷകര്‍ക്ക്  സൗജന്യമായി കാര്‍പ്പ് കുഞ്ഞുങ്ങളെയും നല്‍കുന്നു. 500 ഏക്കറില്‍ ഓരുജല സമ്മിശ്രകൃഷി, 2500 ഏക്കറില്‍ ഒരുനെല്ലും ഒരു ചെമ്മീനും കൃഷി, ഏഴ് ഏക്കറില്‍ ശുദ്ധജല അസാം വാള കൃഷി, 10ഏക്കറില്‍ സിലോപ്പി കൃഷി, നൂറോളം സ്ഥലങ്ങളിലായി ഓരുജല കൂടുകൃഷി എന്നിവയും ചെയ്യുന്നുണ്ട്. ഓരുജല കരിമീന്‍ കൃഷി, ഞണ്ട് കൃഷി, കാരചെമ്മീന്‍ കൃഷി, കല്ലുമ്മക്കായ കൃഷി, കരിമീന്‍ വിത്തുല്‍പ്പാദനം കരിമീന്‍, പൂമീന്‍ കുഞ്ഞുങ്ങളുടെ റിയറിംങ് യൂണിറ്റ്, അക്വാപോണിക്സ് എന്നിവയും തുറവൂര്‍ ഫിഷറീസ് യൂണിറ്റിന് കീഴില്‍ വിജയകരമായി നടന്നു വരുന്നു.

2018,'19 വര്‍ഷങ്ങളിലെ പ്രളയം മത്സ്യ കൃഷിയെ ബാധിച്ചില്ലായിരുന്നെങ്കില്‍ മത്സ്യകൃഷി രംഗത്ത് നിലവിലെ വളര്‍ച്ചയേക്കാള്‍ ഉയരം കൈയ്യടക്കാന്‍ തുറവൂര്‍ യൂണിറ്റിന് സാധ്യമാകുമായിരുന്നെന്ന് തുറവൂര്‍ അക്വാകള്‍ച്ചര്‍ യൂണിറ്റ് ഓഫീസര്‍ ലീന ഡെന്നിസ് പറഞഞ്ഞു. പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകരെ പ്രളയ പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെടുത്തി 30 ശതമാനം തുക അഡ്വാന്‍സായി നല്‍കിയാണ് കൃഷിയിലേക്ക് തിരികെ എത്തിച്ചത്. ജില്ലയിലെ മറ്റു ബ്ലോക്കുകളിലെ മത്സ്യ കൃഷിയുടെ അനുപാതം നോക്കുമ്പോള്‍ പ്രളയാനന്തരം 30 ശതമാനത്തിന്റെ വർധന തുറവൂര്‍ യൂണിറ്റിനു കീഴില്‍ ഉണ്ടായിട്ടുണ്ട്.

മത്സ്യകൃഷിയില്‍ കൈവരിച്ച മികവിന് നിരവധി അംഗീകാരങ്ങൾ തുറവൂര്‍ ഫിഷറീസ് യൂണിറ്റിന് കീഴിലുള്ള കര്‍ഷകര്‍ക്ക് ലഭിച്ചു. ജില്ലയിലെ ഏറ്റവും മികച്ച കേജ് കര്‍ഷകനുള്ള അവാര്‍ഡ് തൈക്കാട്ടുശേരി ബ്ലോക്കിലെ പള്ളിപ്പുറം സ്വദേശി റോസ്ലിന്‍ ബെന്നിക്കും ഏറ്റവും മികച്ച നൂതന മത്സ്യകര്‍ഷകനുള്ള അവാര്‍ഡ് പട്ടണക്കാട് ബ്ലോക്കിലെ വയലാര്‍ സ്വദേശി ജോര്‍ജിനുമാണ് ലഭിച്ചത്. പാടശേഖരങ്ങളില്‍ മത്സ്യകര്‍ഷകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി മത്സ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് പട്ടണക്കാട് ബ്ലോക്കിലെ തുറവൂര്‍ പഞ്ചായത്തിനാണ് ലഭിച്ചത്. മൂന്നു ബ്ലോക്കുകളും അതിനു കീഴിലുള്ള 17 പഞ്ചായത്തുകളും നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ് തുറവൂര്‍ യൂണിറ്റിനെ ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്. പദ്ധതികളുടെ നടത്തിപ്പിനും കര്‍ഷകരുടെ ക്ഷേമത്തിനുമായി പഞ്ചായത്തുകളും ജനപ്രതിനിധികളും മികച്ച രീതിയിലുള്ള സഹകരണം നല്‍കുന്നുണ്ടെന്ന് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ലാഭത്തേക്കാള്‍ കൃഷിയെ സ്‌നേഹിക്കുന്ന കര്‍ഷകരുടെ പിന്തുണയോടെയാണ് കൃഷിയില്‍ വിപ്ലവം തീര്‍ക്കാന്‍ കഴിഞ്ഞതെന്നും.
 

date