Skip to main content

ആരോഗ്യ ജാഗ്രത: വിവിധ വകുപ്പുകളുടെ യോഗംചേർന്നു

 

ആലപ്പുഴ :പ്രതിദിനം പ്രതിരോധം എന്ന ലക്ഷ്യത്തോടെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി സമഗ്രമായ കർമ്മ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതിനു വേണ്ടി ആരോഗ്യ ജാഗ്രത - 2020 ഈ വർഷത്തെ പദ്ധതി ജില്ലയിൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ജില്ലാകളക്ടർ എം.അഞ്ജന, അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗംചേർന്നു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ പ്രത്യേകയോഗംവിളിച്ചുചേർത്ത് പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പിലാക്കണം. വാട്ടർ അതോറിറ്റി ക്ലോറിനേഷൻ ഗുണമേന്മയോടെ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ടാങ്കർ ലോറികളിലൂടെയും ബോട്ടുകളിലൂടെയും വിതരണം ചെയ്യുന്ന വെളളം പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമെങ്കിൽ നടപടി സ്വീകരിക്കണം. തൊഴിൽ, ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകൾ സംയുക്തമായി അതിഥി തൊഴിലാളികളുടെ താമസസ്ഥലം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം.ഭക്ഷ്യ സുരക്ഷാവകുപ്പ് സ്‌ക്വാഡ് രൂപീകരിച്ച് മത്സ്യങ്ങളിൽ ഫോർമാലിൻ, അമോണിയ എന്നിവയുടെ സാന്നിദ്ധ്യം പരിശോധന കർശനമാക്കണം. വാർഡുതല ആരോഗ്യശുചിത്വസമിതിയുടെ നേതൃത്വത്തിൽ ശുചിത്വ മാപ്പിംഗ് നടത്തി പ്രവർത്തിക്കണം. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ എലിനശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. ചൂട്കൂടിയ സമയമായതിനാൽ സൂര്യതാപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ജോലിസമയം ക്രമീകരിക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ട്. 12 മണി മുതൽ മൂന്നു മണിവരെ വെയിലത്ത്‌ജോലിചെയ്യുന്നത് ഒഴിവാക്കണം

date