Skip to main content

സമഗ്രകാഴ്ചപ്പാടോടെ ആലപ്പുഴ നഗര നവീകരണപദ്ധതി : മന്ത്രി ടി എം തോമസ് ഐസക് കേരള നിര്‍മ്മിതി - ബോധവത്കരണപരിപാടിക്ക് മാര്‍ച്ച് ഒന്നിന് തുടക്കം

ആലപ്പുഴ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് ധനകാര്യ, കയര്‍ വകുപ്പു മന്ത്രി ടി എം തോമസ് ഐസക്. കിഫ്ബിയുടെ ' കേരള നിര്‍മ്മിതി - വികസനത്തിന്റെ അനുഭവബോധ്യം' വികസന പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, കളക്ടറേറ്റില്‍ നടന്ന മുന്നൊരുക്ക അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാര്‍ച്ച് ഒന്നുമുതല്‍ മൂന്നുവരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലാണ് അടിസ്ഥാനസൗകര്യവികസനപദ്ധതികളുടെ ബോധവത്കരണ പരിപാടി നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം  ചെയ്യും. 

 

ട്രാന്‍സ്‌പോര്‍ട് ഹബ് നിര്‍മിക്കല്‍, ദേവാലയങ്ങളും ഫാക്ടറികളുമടക്കം അമ്പതോളം കെട്ടിടങ്ങളുടെ സംരക്ഷണപദ്ധതി, വിവിധ മ്യൂസിയങ്ങളൊരുക്കുന്ന പദ്ധതി,  പാലങ്ങള്‍ പുതുക്കിപണിയല്‍  തുടങ്ങിയ വിവിധ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഗുജറാത്തി സ്ട്രീറ്റുമായി ബന്ധപ്പെട്ട മേഖലമുഴുവന്‍ ഒരു ഓര്‍മതെരുവായി വികസിപ്പിക്കാനും ആലോചനയുണ്ട്.  സമഗ്രമായ കാഴ്ചപ്പാടോടെയാണ് ആലപ്പുഴ നഗരനവീകരണ പദ്ധതി രൂപീകരിക്കുന്നത്. ഇവയില്‍ കിഫ്ബി വഴി നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയും `കേരള നിര്‍മ്മിതി` ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടക്കും. 

 

ചുറ്റും നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനും വിലയിരുത്താനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനാണ്  എല്ലാ ജില്ലകളിലും കിഫ്ബിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. ആലപ്പുഴ ജില്ലയില്‍ മാര്‍ച്ച് ഒന്നുമുതല്‍ മൂന്നു ദിവസം രാവിലെ 10 മുതല്‍ രാത്രി 8 വരെ സംസ്ഥാനത്തെ വിവിധ പ്രധാനപദ്ധതികളുടെ മോഡലുകള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കും. പദ്ധതികളെക്കുറിച്ച് പൗരപ്രതിനിധികളുടെയും ജനപ്രതിനിധികളുടെ പ്രതികരണമറിയാനുള്ള സംവിധാനവുമുണ്ടാവും.  

 

്`കേരള നിര്‍മ്മിതി`  -  പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് ഒന്നിന് വൈകീട്ട് ആറിനാണ് ഇഎംഎസ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുക.  ധനമന്ത്രി തോമസ് ഐസക് അദ്ധ്യക്ഷനായിരിക്കും. പ്രദര്‍ശന ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

എംപിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ യു. പ്രതിഭ, ആര്‍. രാജേഷ്, സജി ചെറിയാന്‍, ഷാനിമോള്‍ ഉസ്മാന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ എം അഞ്ജന, നഗരസഭാധ്യക്ഷന്മാരായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, വി.റ്റി. ജോസഫ്, ലീല അഭിലാഷ്, എന്‍. ശിവദാസന്‍, ഷിബു രാജന്‍, വിജയമ്മ പുന്നൂര്‍മഠം എന്നിവര്‍ വികസന കാഴ്ചപ്പാട് അവതരിപ്പിക്കും. കിഫ്ബി ജനറല്‍ മാനേജര്‍ നന്ദി പ്രകാശിപ്പിക്കും. 

 

മാര്‍ച്ച് രണ്ടിന്  `ആലപ്പുഴയുടെ വികസന വീഥികള്‍` എന്ന വിഷത്തെക്കുറിച്ച് 10 മുതല്‍ 12.30 വരെ നടക്കുന്ന സംവാദത്തില്‍ ധനമന്ത്രി, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് 2  മണി മുതല്‍ 4.30വരെ `കുട്ടനാടിന്റെ വികസനവും സാധ്യതകളും` എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന അവലോകനത്തില്‍ ധനമന്ത്രി, ബന്ധപ്പെട്ട എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. അഞ്ച് മണി മുതല്‍ കലാസന്ധ്യ അരങ്ങേറും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉപന്യാസ രചനാ മത്സരവും നടക്കും. 

  കിഫ്ബി വഴി നടത്തിയ നവീകരണവും അതെങ്ങനെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായി എന്നു വിശദീകരിക്കുന്ന പ്രെസന്റേഷന്‍ തിരഞ്ഞെടുത്ത സ്‌കൂളുകളും ആശുപത്രികളും അവതരിപ്പിക്കും. വിവിധ നിയമസഭ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനവും കേരള നിര്‍മിതി പരിപാടിയില്‍ ഉള്‍പ്പെടുത്തും.  എം.എല്‍.എമാര്‍, വകുപ്പധ്യക്ഷന്മാര്‍, നിര്‍വ്വഹണ ഏജന്‍സി പ്രതിനിധികള്‍, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. മാര്‍ച്ച് മൂന്നിന്  ഉച്ചക്ക് 2മണി മുതല്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ.ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന പ്രശ്നോത്തരിയും ആറ് മണി മുതല്‍ കലാസന്ധ്യയും നടക്കും.

 

ധനമന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന പ്രാഥമികതല മുന്നൊരുക്ക അവലോകന യോഗത്തില്‍ എ എം ആരിഫ് എംപി, ജില്ലാ കളക്ടര്‍ എം അഞ്ജന, എഡിഎം വി ഹരികുമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള നിര്‍മിതി ബോധവത്കരണപരിപാടിയുടെ സ്വാഗതസംഘരൂപീകരണയോഗം ഫെബ്രുവരി 24 രാവിലെ 11-ന് കളക്ടറേറ്റില്‍ ചേരും

date