Skip to main content

അഞ്ചാം തവണയും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും  പ്രത്യേക ധനസഹായവും... ഇത് തുമ്പമണ്‍ മോഡല്‍ വിജയഗാഥ

അഞ്ചാം തവണയും മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫിയും പ്രത്യേക ധനസഹായവും നേടി  പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തായി മാറിയിരിക്കുകയാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. ദീര്‍ഘവീക്ഷണത്തോടെയും ഇച്ഛാശക്തിയോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പുരസ്‌കാരത്തിനു പന്തളം ബ്ലോക്കിന് കീഴില്‍ വരുന്ന തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനെ അര്‍ഹരാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങളില്‍ ഉയര്‍ന്ന തുകയാണ് സ്വരാജ് ട്രോഫിയോടെപ്പം പ്രത്യേക ധനസഹായമായി ലഭിക്കുന്നത്. 

നാല് ഗ്രാമസഭകള്‍ കൃത്യമായ ഇടവേളകളില്‍ കൂടുകയും സാധാരണ ഭരണ സമിതി യോഗങ്ങള്‍ക്കുപുറമേ അഞ്ച് ഭരണ സമിതി യോഗങ്ങള്‍ ചേര്‍ന്ന് അവയുടെ മിനുട്ട്‌സ് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. സ്റ്റാന്റിംഗ് കമ്മിറ്റിയും സ്റ്റിയറിംഗ് കമ്മിറ്റിയും കൃത്യമായി ചേരുന്നുണ്ട്. നികുതിപ്പിരിവ് നൂറു ശതമാനം നടപ്പാക്കുന്നു. ആശ്രയ പദ്ധതികളുടെ ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുകയും സ്ത്രീ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. പഞ്ചായത്തിലെ അര്‍ഹരായ  എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉറപ്പുവരുത്തുകയും ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടില്ലാത്തവര്‍ക്ക് വീട് നല്‍കുകയും ചെയ്തു. 

മാലിന്യ സംസ്‌കരണത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് തുമ്പമണ്‍ നടത്തിവരുന്നത്. ഹരിതകര്‍മ്മസേന വഴി വീടുകളില്‍ നിന്നും പാഴ് വസ്തുകള്‍ ശേഖരിക്കുകയും ശേഖരിച്ച പാഴ്‌വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യുന്നു. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, കൊതുക് നിവാരണം, മെഡിക്കല്‍ ക്യാമ്പുകള്‍, പകര്‍ച്ചവ്യാധി നിയന്ത്രണമാര്‍ഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും കൃതിമായി നടത്തിവരുന്നു. പഞ്ചായത്തില്‍ നടത്തി വരുന്ന എല്ലാ ചടങ്ങുകളും ഹരിത ചട്ടം പാലിച്ചാണ് നടത്തുന്നത്. 

2015 ല്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും പഞ്ചായത്തിന് ലഭിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പകുതിയിലധികം കുടുംബങ്ങള്‍ക്കും നൂറു തൊഴില്‍ ദിനങ്ങള്‍ നല്‍കി. കിടപ്പ് രോഗികള്‍ക്കായുള്ള പാലിയേറ്റീവ് കെയര്‍, യുവജനങ്ങള്‍ക്കായുള്ള യൂത്ത് ക്ലബ് ഏകോപന സമിതി തുടങ്ങിയവയും പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. 

ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം പന്തളം ബ്ലോക്കിന് കീഴില്‍തന്നെ വരുന്ന മെഴുവേലി ഗ്രാമപഞ്ചായത്താണ് കരസ്ഥമാക്കിയത്.

date