Skip to main content

ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം; ബ്ലോക്കുതലത്തിലും ജനകീയ സമിതികള്‍

സമ്പൂര്‍ണ്ണ ശുചിത്വ ജില്ല എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീന്‍ കോട്ടയം -ഗ്രീന്‍ കോട്ടയം പദ്ധതിയുടെ നിര്‍വഹണത്തിനായി ബ്ലോക്ക് പഞ്ചായത്തു തലത്തിലും ജനകീയ സമിതികള്‍ രൂപീകരിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
 
സംഘാടക സമിതി ചെയര്‍മാനായ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി പദ്ധതിയുടെ പ്രാഥമിക രൂപരേഖ അവതരിപ്പിച്ചു. ഏപ്രില്‍ രണ്ടിന് പദ്ധതിയ്ക്ക് തുടക്കമിടും. കോട്ടയം നഗരസഭയിലും 11 ബ്ലോക്കു പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത ഓരോ ഗ്രാമ പഞ്ചായത്തിലും മെയ് ഒമ്പതിന് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം സംഘടിപ്പിക്കും.

ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ടെക്‌നിക്കല്‍ അഡൈ്വസറായ ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്ത് വിശദീകരിച്ചു. ഏപ്രില്‍ ഏഴിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചീകരണം സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, എ.ഡി.എം.അനില്‍ ഉമ്മന്‍,  ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. രമേശ്, എ.ഡി.സി. (ജനറല്‍) ജി. അനീസ്, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് , ബാബു പറമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

date