Skip to main content

ഹജ്ജ് പഠന ക്ലാസ്സ് മന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാന ഹജജ് കമ്മറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള ഒന്നാം ഘട്ട സങ്കേതിക പഠന ക്ലാസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വവും മാനവികതയുമാണ് ഹജ്ജ് കര്‍മ്മം ഉയര്‍ത്തി പിടിക്കുന്നതെന്നും ഹജ്ജ് വലിയൊരു സന്ദേശമാണെന്നും മന്ത്രി പറഞ്ഞു. സമത്വം, സ്‌നേഹം, സൗഹൃദം എന്നീ ആശയങ്ങളെ ഹജ്ജ് മുന്നോട്ടുവെക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തവനൂര്‍, പൊന്നാനി  മണ്ഡലങ്ങളില്‍ നിന്നും ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കാണ് ഒന്നാം ഘട്ട സങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചത്.
    നരിപ്പറമ്പ് താജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് കമ്മറ്റി മെമ്പര്‍ കെ.എം.മുഹമ്മദ് കാസിം കോയ പൊന്നാനി അധ്യക്ഷനായി. അഡീഷനല്‍ ട്രെയിനര്‍ എം. അബ്ദുല്‍ മനാഫ് ക്ലാസെടുത്തു. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.കെ ബക്കര്‍, ട്രെയിനര്‍മാരായ അഹമ്മദ് ഹാജി കൊണ്ടോട്ടി, മുഹമദ് നസീര്‍,  അലി മുഹമ്മദ്, മുഹമ്മദ് ബഷീര്‍, നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date