Skip to main content

നൂതന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി ജില്ലാപഞ്ചായത്ത് വികസന സെമിനാര്‍

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നൂതന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്ന 2020-21 വാര്‍ഷിക കരട് പദ്ധതി രേഖയ്ക്ക് ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍  അംഗീകാരം നല്‍കി. 145 കോടി രൂപ അടങ്കലില്‍ 1,114 പ്രാജക്റ്റുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതില്‍ 588 എണ്ണവും ബഹുവര്‍ഷ പദ്ധതികളായി നടപ്പ് വര്‍ഷം തന്നെ അംഗീകരിച്ച് പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്നവയാണ്. 185 പദ്ധതികള്‍ മാര്‍ച്ച് 31 മുമ്പ് പൂര്‍ത്തിയാവില്ലെന്ന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ അവയുടെ പൂര്‍ത്തീകരണത്തിനായി 2020-21ലും തുടരുന്ന പദ്ധതികളാണവ. 341 പ്രൊജക്റ്റുകളാണ് പുതിയതായി ഏറ്റെടുക്കുന്നത്. 
    ബഹുവര്‍ഷ പദ്ധതികള്‍ക്കായി മാത്രം 50.87 കോടി രൂപയും സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കായി 48.11 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. ഗവ: ബജറ്റില്‍ അനുവദിച്ചിട്ടുള്ള 134.63 കോടി രൂപയില്‍ 17.79 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിക്കായി നീക്കി വെച്ചിരിക്കുകയാണ്. 
സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള അനിവാര്യ വകയിരുത്തലുകളാണ് പ്രധാനമായും വാര്‍ഷിക പദ്ധതിയിലുള്ളത്. നിലവിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തുന്ന റീ ടാറിങ്, ഐറിഷ് ഡ്രൈനേജ് നിര്‍മാണം എന്നിവയ്ക്ക്  31 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. കാര്‍ഷിക മേഖലക്കും ജലസേചന പദ്ധതികള്‍ക്കുമായി 6.41 കോടി രൂപയുടെ പദ്ധതികളും മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി 45 ലക്ഷം രൂപയും ജില്ലാ മൃഗാശുപത്രിയില്‍ മെഡിക്കല്‍ ഷോപ്പ് ആരംഭിക്കുന്നതിന് 10 ലക്ഷം രൂപയും ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡിയായി 25 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്പ്പാദന മേഖലക്ക് മൊത്തം 15.94 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. 
വനിതാ ശാക്തീകരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സ്വയം തൊഴില്‍ യൂനിറ്റുകള്‍ ആരംഭിക്കല്‍, ആശുപത്രികളിലും ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ സജ്ജീകരിക്കല്‍, വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും കായിക പരിശീലനം നടത്തുന്നതിനുമുള്ള പ്രത്യേക സംവിധാനമൊരുക്കല്‍ തുടങ്ങിയവക്കായി 8.90 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. 
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാവുന്ന സ്‌കൂട്ടര്‍, ബഡ്‌സ് സ്‌കൂളുകള്‍, പ്രതീക്ഷ ഡേ കെയര്‍ സെന്ററുകള്‍ തുടങ്ങിയവ സ്ഥാപിക്കല്‍, നിലവിലുള്ളവ വിപുലീകരിക്കല്‍ എന്നിവയ്ക്കായി 7.45 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങള്‍ക്ക് പകല്‍ വീടുകള്‍ ആശുപത്രികളില്‍ ജെറിയാട്രിക് വാര്‍ഡുകള്‍, സെക്കന്‍ഡറി പാലിയേറ്റീവ് സംവിധാനം ജില്ലാ/ബ്ലോക്ക് തല ആശൂപത്രികളില്‍ സജ്ജീകരിക്കല്‍, പാലിയേറ്റീവ് ക്ലിനിക്കുകളെ സഹായിക്കല്‍, പരിരക്ഷ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയവക്കായി 4.45 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിദ്യാലയങ്ങള്‍, പൊതു സ്ഥലങ്ങള്‍, ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതിനും  വിദ്യാലയങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് അജൈവ പാഴ് വസ്തു ശേഖരണ ബിന്നുകള്‍ സ്ഥാപിക്കുന്നതിനുമായി 4.45 കോടി രൂപയുടെ പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
    പ്രകൃതിക്ഷോഭങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രയോജനപ്പെടുത്തുന്ന വിദ്യാലയങ്ങളില്‍ ക്യാമ്പുകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ പൂര്‍ണ്ണമായി സജ്ജമാക്കുന്നതിനും ദുരന്ത മുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കുന്നതിനുമായി 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 
    നിലമ്പൂരിലെ അപ്പന്‍കാപ്പില്‍ മലവെള്ള പാച്ചിലില്‍ ഒലിച്ച് പോയ പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് പട്ടിക വര്‍ഗ്ഗ ഉപ പദ്ധതിയില്‍ 1.20 കോടി രൂപയുടെ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന്റെ സാമൂഹ്യവും ആരോഗ്യ പരവും തൊഴില്‍ പരവും വിദ്യാഭ്യാസ പരവുമായ വളര്‍ച്ചക്കുവേണ്ടി 20.98 കോടി രൂപയുടെ 177 പദ്ധതികള്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളനികളുടെ വികസനം, കോളനികളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, പാത്ത്‌വേകളുടെ നിര്‍മ്മാണം, കുട്ടികള്‍ക്ക് മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ്, പട്ടികജാതി യുവതീ-യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ തേടി പോവുന്നതിന്ന് സാമ്പത്തിക സഹായം തുടങ്ങി വിവിധ പദ്ധതികളാണ് പട്ടികജാതിക്കാര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. പട്ടികജാതി ഭവന പദ്ധതിക്കായി 4.19 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ജില്ലയെ ബാലസൗഹൃദ ജില്ലയാക്കും. ജില്ലാ ആശുപത്രികളില്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നാപ്കിന്‍ വെന്റിങ് മെഷീനും ഡിസ്‌ട്രോയറും സ്ഥാപിക്കുന്നതിനും പദ്ധതികളുണ്ട്. തെരുവ് നായ ശല്യത്തിന് പരിഹാരമായി അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് ജില്ലയില്‍ നാല് സ്ഥിരം കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനായി 40 ലക്ഷം രൂപ ഉള്‍കൊള്ളിച്ചിട്ടുണ്ട്. 
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.ഉബൈദുള്ള എം.എല്‍.എ പദ്ധതി രേഖ പ്രകാശനം ചെയ്തു. പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.  വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ പദ്ധതി അവതരണം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, കെ.പി ഹാജറുമ്മ, അനിത കിഷോര്‍, വി.സുധാകരന്‍, ടി.കെ റഷീദലി, എ.കെ അബ്ദു റഹ്മാന്‍, വെട്ടം ആലിക്കോയ, കലാം മാസ്റ്റര്‍, എ.കെ നാസര്‍, എന്‍ മുഹമ്മദ് റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
 

date