Skip to main content

സ്മാര്‍ട്ട്  ഡയറ്റ് പദ്ധതിക്ക് മികച്ച പ്രതികരണം മലപ്പുറത്തെ 54 അങ്കണവാടികളില്‍ കൂടി നടപ്പാക്കും

മലപ്പുറം നഗരസഭയുടെ കീഴിലുള്ള  10 അങ്കണവാടികളില്‍ പരീക്ഷണാടി സ്ഥാനത്തില്‍   ആരംഭിച്ച സ്മാര്‍ട്ട് ഡയറ്റ് പദ്ധതിക്ക് മികച്ച പ്രതികരണം.  15 ദിവസം പിന്നിട്ട പദ്ധതിയുടെ അവലോകന യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. 15 ദിവസത്തെ പ്രവര്‍ത്തനത്തില്‍  അങ്കണവാടികളിലെ ഹാജര്‍ നിലവാരം ഉയര്‍ത്താനും  കുട്ടികളിലെ ഭാരത്തില്‍ 100-400 ഗ്രാമിന്റെ വളര്‍ച്ച രേഖപ്പെടുത്താനും കഴിഞ്ഞു. അങ്കണവാടികളില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കുന്നതിന് പദ്ധതി  സഹായകമായിട്ടുണ്‍്.  പദ്ധതിക്ക് രക്ഷിതാക്കള്‍ക്കളുടെ മികച്ച പിന്തുണയാണുള്ളത്. പദ്ധതിയുടെ മികച്ച പ്രതികരണത്തെ തുടര്‍ന്ന് മലപ്പുറം നഗരസഭയിലെ 54 അങ്കണവാടികളിലും  പദ്ധതി വ്യാപിപ്പിക്കും. തുടര്‍ന്ന് ഏപ്രില്‍ ഒന്ന്  മുതല്‍ ജില്ലയിലെ മുഴുവന്‍ അങ്കണവാടികളിലും പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു. 
ഇതിന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും  പോഷക സമൃദ്ധമായ  ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേകം  പരിശീലനം നല്‍കും. പദ്ധതി  അങ്കണവാടിയില്‍ നടപ്പാക്കിയതു  മുതല്‍  ഒരേ ഭക്ഷണം നിത്യേന കഴിക്കുന്നതിലെ വിരസത കുട്ടികളില്‍ മാറിയതായും നന്നായി ഭക്ഷണം കഴിക്കുന്നതായും  കുട്ടികളിലെ ജങ്ക് ഫുഡിന്റെ  ഉപയോഗം ഇല്ലാതാക്കാനും കഴിഞ്ഞു. കുറഞ്ഞ ചെലവില്‍ വിഷ രഹിത ജൈവ പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേഖരിച്ചാണ് ഇപ്പോള്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഇതു കൂടാതെ മൈദ ഉപയോഗിക്കാത്ത വിവിധ ധാന്യങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ ബിസ്‌ക്കറ്റും കുടുംബശ്രീ നല്‍കുന്നുണ്‍്. സുരക്ഷിത  ഭക്ഷണത്തോടൊപ്പം സമ്പൂര്‍ണ പോഷണവും ഉറപ്പുവരുത്താന്‍ ജില്ലാ ഐ.സി.ഡി.എസ് നടപ്പാക്കിയ നൂതന പദ്ധതി വിജയകരമായ് മുന്നോട്ട് പോവുമ്പോള്‍ അത് ജില്ലയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും  പ്രതീക്ഷയേകുകയാണ്. വനിതാ ശിശുവികസ വകുപ്പിന്റെ നേതൃത്വത്തില്‍ വൈവിധ്യവും സമ്പൂര്‍ണ്ണ പോഷണങ്ങളും ഉള്‍ക്കൊള്ളിച്ച് അങ്കണവാടി കുട്ടികള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയാണ് 'സ്മാര്‍ട്ട് ഡയറ്റ്'. ഫെബ്രുവരി ഒന്നിനാണ് പദ്ധതി ജില്ലയില്‍ ആരംഭിച്ചത്.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date